പ്രമുഖ ഓസ്ട്രേലിയന്‍ കമ്പനിയായ ലിയോണാര്‍ഡോയെ ഏറ്റെടുത്ത് യു എസ് ടി

Posted on: February 23, 2024

തിരുവനന്തപുരം : ഓസ്ട്രേലിയ – ന്യൂ സീലാന്‍ഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലിയോണാര്‍ഡോ എന്ന മുന്‍ നിര കമ്പനിയെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു എസ് ടി ഏറ്റെടുത്തു. ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്‌മെന്റ്, ഓട്ടോമേഷന്‍, ഇന്റഗ്രേഷന്‍ സേവനദാതാവാണ് ലിയോണാര്‍ഡോ. യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വിരുത് എന്നിവയും ലിയോണാര്‍ഡോയുടെ പ്രവര്‍ത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കും. ലിയോണാര്‍ഡോയുടെ വിപണി വ്യാപ്തി വര്‍ധിപ്പിക്കാനും, ഒപ്പം യു എസ് ടി യുടെ ഓസ്ട്രേലിയന്‍ സാന്നിധ്യം ശക്തിപ്പെടുത്താനും ഇതിലൂടെ സാധ്യമാകും.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാനും, സാങ്കേതികത്തികവോടെ മോഡല്‍ ഡിസൈന്‍, പ്രോഡക്റ്റ് എഞ്ചിനീയറിങ്, പ്രവര്‍ത്തന മികവ്, എന്നിവയ്ക്കൊപ്പം ജെന്‍ എഐ, ഡാറ്റാ സേവനങ്ങള്‍, സാസ്, ക്ളൗഡ്, ഇന്റലിജെന്റ് ഓട്ടോമേഷന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ഓസ്‌ട്രേലിയന്‍ മേഖലയില്‍ യു എസ് ടി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ലിയോണാര്‍ഡോ എന്ന കമ്പനിയെ സ്വന്തമാക്കിയതോടെ യു എസ് ടി തങ്ങളുടെ സംഘടനാപരമായ മികവിലൂടെ വിദഗ്ധ സേവനങ്ങള്‍, കൂടുതല്‍ ഉപഭോക്താക്കള്‍, പ്രാദേശിക സഖ്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും.

എഴുപതിലേറെ ജീവനക്കാരുമായി മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിയോണാര്‍ഡോ ഓസ്ട്രേലിയയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ്. യു എസ് ടി യുമായി ചേരുന്നതോടെ കമ്പനിയ്ക്ക് തങ്ങളുടെ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ ഓസ്ട്രേലിയ- ന്യു സീലാന്‍ഡ് മേഖലയില്‍ ഒന്നാകെ വ്യാപിപ്പിക്കാന്‍ കഴിയും. യു എസ് ടി യുമായുള്ള സഖ്യത്തിലൂടെ തങ്ങളുടെ ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്‌മെന്റ്‌റ്, ഓട്ടോമേഷന്‍, ഇന്റെഗ്രേഷന്‍ സേവനങ്ങളുടെ മികവ് പല മടങ്ങു വര്‍ധിപ്പിക്കാനും, ഒപ്പം പ്രാദേശിക സാങ്കേതിക സ്ഥാപനങ്ങളുമായി യു എസ് ടി യുടെ തന്ത്രപരമായ കൈകോര്‍ക്കലുകള്‍ക്ക് ആക്കം കൂട്ടി വിവിധ വ്യാപാര മേഖലകള്‍ക്ക് സേവനങ്ങള്‍ പ്രദാനം ചെയ്യാനും സഹായിക്കും. റെഡ് ഹാറ്റ്, സോഫ്റ്റ് വെയര്‍ എജി, ഓട്ടോമേഷന്‍ എനിവെയര്‍, വര്‍ക്കാറ്റോ, യു ഐ പാത്ത് തുടങ്ങിയവായുടെ പങ്കാളിയായ ലിയോണാര്‍ഡോ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക മികവ് ഉറപ്പാക്കുന്ന കമ്പനിയാണ്. 1999 ല്‍ ബ്രിസ്ബേനില്‍ തുടക്കം കുറിച്ച ലിയോണാര്‍ഡോ ഇപ്പോള്‍ മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലെ ശക്ത സാന്നിധ്യമാണ്.

‘യു എസ് ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. പുതിയ സാധ്യതകള്‍ തുറക്കുകയാണ് ഈ സഖ്യത്തിലൂടെ. ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും. വിപണികളെപ്പറ്റി പുതിയ അവബോധം സൃഷ്ടിക്കാനുതകുന്ന നിര്‍മ്മിത ബുദ്ധിയിലൂന്നിക്കൊണ്ടുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യാനും, ഉപഭോക്താക്കളുടെ വളര്‍ച്ചയ്ക്കൊപ്പം വളരാന്‍ സഹായകമായ ഡിജിറ്റല്‍ സൊല്യൂഷനലുകള്‍ നല്‍കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഈ സഖ്യം കരുത്തേകും,’ ലിയോണാര്‍ഡോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ചേറ്റ്കുട്ടി അഭിപ്രായപ്പെട്ടു.

ലിയോണാര്‍ഡോ യു എസ് ടി യുടെ ഓസ്ട്രേലിയ ടീമിന്റെ ഭാഗമാകുന്നത് ആഹ്ളാദകരമാണെന്ന് യു എസ് ടി ഓസ്ട്രേലിയ മാനേജിങ് ഡയറക്ടര്‍ കുമാരന്‍ സി ആര്‍ അറിയിച്ചു. ‘കഴിഞ്ഞ 25 വര്‍ഷമായി ഓസ്ട്രേലിയ ന്യൂ സീലാന്‍ഡ് മേഖലയിലെ ശക്ത സാന്നിധ്യവും, പങ്കാളികളായ കമ്പനികളുടെ പ്രോസസ് ട്രാന്‍സ്ഫര്‍മേഷന്‍ രംഗത്തെ വിശ്വസ്ത സേവന ദാതാവുമായ ലിയോണാര്‍ഡോയുടെ ആഴത്തിലുള്ള പരിചയവും വൈദഗ്ധ്യവും വിലമതിക്കാനാവാത്തതാണ്. യു എസ് ടി യെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും ഉത്പാദനം മെച്ചപ്പെടുത്താനും ഈ ഏറ്റെടുക്കല്‍ സഹായിക്കും. ലിയോണാര്‍ഡോയുടെ ഉപഭോക്താക്കള്‍ക്ക് യു എസ് ടിയുടെ സേവനങ്ങള്‍ പ്രദാനം ചെയ്യാനും ഞങ്ങള്‍ക്ക് കഴിയും. ഇതിനു പുറമെ, ഞങ്ങളുടെ ആഗോള വ്യാപകമായ ഇന്റലിജന്റ് ഓട്ടോമേഷന്‍ കണ്‍സള്‍ട്ടിങ് മികവ് കൂടുതല്‍ മെച്ചപ്പെടുത്താനും, ഓസ്ട്രേലിയ ന്യൂ സീലാന്‍ഡ് മേഖലയില്‍ യു എസ് ടി സ്മാര്‍ട്ട് ഓപ്‌സ് പ്ലാറ്റ് ഫോം പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടാനും സാധിക്കും. വിപണി നേതൃത്വ സ്ഥാനം ഉറപ്പിക്കുന്ന യു എസ് ടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും, ഓസ്ട്രേലിയന്‍ മേഖലയിലെ കമ്പനിയുടെ വളര്‍ച്ച തുടരാനുമുള്ള ശ്രമങ്ങള്‍ ലിയോണാര്‍ഡോയെ ഏറ്റെടുത്തതോടെ യു എസ് ടിക്ക് കൂടുതല്‍ മികവോടെ ഉറപ്പാക്കാനാവും,’ അദ്ദേഹം പറഞ്ഞു.

ഇരു കമ്പനികളും ഒന്നായി പ്രവര്‍ത്തിക്കുന്നതോടെ യു എസ് ടി യുടെ ബൃഹത്തായ ഡിജിറ്റല്‍ മികവ്, ലിയോണാര്‍ഡോയുടെ സവിശേഷ പ്രോസസ് വൈദഗ്ധ്യവുമായി ബന്ധിപ്പിച്ച് ഓസ്ട്രേലിയ ന്യൂ സീലാന്‍ഡ് മേഖലയിലെ ഉപഭോക്തൃ കമ്പനികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയും.

 

TAGS: Leonardo | Ust |