ഇൻടോട്ടിന് അസോചം ദേശീയ പുരസ്‌കാരം

Posted on: September 27, 2020

തിരുവനന്തപുരം : ഡിജിറ്റൽ ടെക്‌നോളജി സ്റ്റാർട്ടപ്പായ ഇൻടോട്ട് ദേശീയ പുരസ്‌കാരത്തിന് അർഹമായി. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) നടത്തിയ നാലാമത് ഐസിടി സ്റ്റാർട്ടപ്പ്‌സ് അവാർഡ് 2020 ലാണ് നൂതന ഡിജിറ്റൽ പ്രക്ഷേപണ റിസീവറുകളുടെ പ്രവർത്തനത്തിന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻടോട്ട് ടെക്‌നോളജി പുരസ്‌കാരം സ്വന്തമാക്കിയത്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻറേയും പ്രമുഖ ടെലികോം കമ്പനിയായ എറിക്‌സണിൻറേയും സഹകരണത്തോടെയായിരുന്നു പുരസ്‌കാര ദാന ചടങ്ങ് നടത്തിയത്.

ഗുണമേൻമയുള്ളതും വിലകുറഞ്ഞതുമായ നൂതന സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കിയതും പേറ്റൻറ് ലഭിച്ച മാറ്റങ്ങളോടെയുമുള്ള ഡിജിറ്റൽ റേഡിയോ റിസീവർ സൊലൂഷനാണ് ഇൻടോട്ട് ലഭ്യമാക്കുന്നത്. എആർഎം പ്രൊസസറിൽ ഈ സൊലൂഷൻ പ്രവർത്തിപ്പിക്കാനാകും. ഇതിലൂടെ ചെലവും ഗണ്യമായി കുറയ്ക്കാനാകും.

വെർച്വലായി നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ മറ്റു മൂന്നു സ്റ്റാർട്ടപ്പുകൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചു. ഡൽഹിയിൽ സ്മാർടെക് ഇന്ത്യ 2020 പരിപാടിയുടെ ഭാഗമായി നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ, ആശയവിനിമ ആൻഡ് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയ സഹമന്ത്രി സഞ്ജയ് ധോത്രേ, ജി7 രാജ്യങ്ങളുടേയും ജി 20 ഉച്ചകോടിയിലേയും ഇന്ത്യൻ ഷെർപ്പ സുരേഷ് പ്രഭു, എറിക്‌സൺ വൈസ് പ്രസിഡൻറ് മോണിക്ക മാഗ്‌നൂസൺ എന്നിവരും പങ്കെടുത്തു.

ഗുണമേൻമയേറിയ ഡിജിറ്റൽ മീഡിയ റിസീവർ സൊലൂഷനുകൾ ലോകത്താകമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഫെബ്രുവരിയിലാണ് രാജിത് നായരും പ്രശാന്ത് തങ്കപ്പനും ഇൻടോട്ടിന് തുടക്കമിട്ടത്.