സ്മാർട്ട് അവനുമായി സെക്ടർ ക്യൂബ്

Posted on: November 18, 2014

SectorQube-Founders-Big

ആൻഡ്രോയ്ഡിന് അപ്പുറമുള്ള ആപ്ലിക്കേഷനുകളാണ് കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ കാമ്പസ് സംരംഭമായ സെക്ടർക്യൂബിന്റെ ലക്ഷ്യം. കൊച്ചി ടോക്എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബി ടെക് വിദ്യാർത്ഥികളായ ശബരീഷ് പ്രകാശ്, നിബു ഏലിയാസ്, അനി ഏബ്രഹാം ജോയ്, എസ്. അർജുൻ, മിഥുൻ സ്‌കറിയ, വി.എൽ. ബിനിയാസ് എന്നിവർ ചേർന്ന് 2011 ഒക്ടോബറിലാണ് സെക്ടർക്യൂബ് സ്ഥാപിച്ചത്.

അടുത്തയിടെ സെക്ടർക്യൂബിന്റെ ആദ്യ ഉത്പന്നമായ സ്മാർട്ട് അവനു (മെയ്ക് ഓൾ ഇൻക്രെഡിബിൾ ഡിഷസ്) വേണ്ടി കിക്‌സ്റ്റാർട്ടർ വെബ്‌സൈറ്റിലൂടെ 19 ദിവസത്തിനുള്ളിൽ 90,000 ഡോളർ (55 ലക്ഷം രൂപ) സമാഹരിച്ചു. സ്മാർട്ട് അവൻ എന്ന നൂതന ഉത്പന്നത്തിനുവേണ്ടിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പ്രചാരണം അവസാനിക്കാൻ 16 ദിവസം അവശേഷിക്കെ 250 പേരിൽ നിന്നായി 90,000 ഡോളർ ലഭിച്ചു. ഒന്നര ലക്ഷം ഡോളറാണ് ലക്ഷ്യം. ഡിസംബർ മൂന്ന് ആകുമ്പോഴേക്കും രണ്ടു ലക്ഷം സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെക്ടർക്യൂബ് സിഇഒ നിബു ഏലിയാസ് പറഞ്ഞു.

Sectorcube-Maid-big

ഇന്റർനെറ്റിലെ ‘റെസിപ്പി സ്റ്റോർ’ സ്മാർട്ട് അവനുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. തെരഞ്ഞെടുക്കുന്ന പാചകക്കുറിപ്പുകൾ സ്റ്റോറിൽ നിന്നു വായിച്ചെടുക്കുന്ന അവൻ പാചകത്തിന്റെ ഓരോ ഘട്ടവും പ്രദർശിപ്പിക്കുകയും സമയവും ചൂടും അതിനനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും. ഫോണിൽ സ്ഥാപിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോക്താവിനെ വിഭവം തയാറായിക്കഴിയുമ്പോൾ അക്കാര്യം അറിയിക്കും. സാധാരണപോലെ ഉപയോഗിക്കാനുള്ള സൗകര്യവും സ്മാർട്ട് അവനിലുണ്ട്.

കൂടുതൽ ഫണ്ടു ലഭിച്ചാൽ മെയ്ഡ് പ്രോബ് എന്ന ഒരു ഉപകരണം കൂടി പുറത്തിറക്കുമെന്ന് സിഒഒ അനി ഏബ്രഹാം ജോയ് പറഞ്ഞു. ആഹാരസാധനം അമിതമായി വെന്തുപോകുന്നതും ആവശ്യത്തിനു വേകാതിരിക്കുന്നതും തടയുന്നതിനായി ആഹാരത്തിലെ ചൂട് കണക്കാക്കി സ്വയം ക്രമീകരിക്കുന്ന വയർലെസ് ഉപകരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.