ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Posted on: October 18, 2019

കൊച്ചി: ലോകോത്തര സെമികണ്ടക്ടര്‍, സോഫ്റ്റ് വെയര്‍ ഡിസൈന്‍ കമ്പനിയായ ആം കളമശ്ശേരിയിലെ മേക്കര്‍വില്ലേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ ലഭിക്കുന്ന സുപ്രധാന അവസരമാണിത്.

ഇന്ന് വിപണിയിലുള്ള സെമികണ്ടക്ടര്‍, ഇതര ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ 90 ശതമാനത്തിലും ബ്രിട്ടീഷ് കമ്പനിയായ ആമിന്റെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മേക്കര്‍വില്ലേജിലെ സംരംഭങ്ങള്‍ക്കായി പ്രത്യേക പരിശീലന, മാര്‍ഗനിര്‍ദ്ദേശക പരിപാടികളാണ് ആമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്.

ഇതിന്റെ ആദ്യ പടിയായി സെക്യൂര്‍ ഡിവൈസ് മാനേജ്മന്റ് അറ്റ് സ്‌കെയില്‍ എന്ന വിഷയത്തില്‍ മേക്കര്‍വില്ലേജില്‍ പരിശീലന കളരി നടന്നു. ആമിന്റെ ഇന്ത്യ വൈസ്പ്രസിഡന്റ് കുട്ടപ്പ ബിട്ടിയാനന്ദ, പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ കുമാര്‍ ഗുഹന്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സഞ്ജത് പാണിഗ്രഹി എന്നിവരാണ് പരിശീലന കളരി നയിച്ചത്. ആം യൂണിവേഴ്‌സിറ്റി പ്രോഗ്രാം മേധാവി അപൂര്‍വ വര്‍മ്മയായിരുന്നു പരിപാടിയുടെ സംയോജക.

ദേശീയതലത്തില്‍ മേക്കര്‍വില്ലേജിലെ കമ്പനികള്‍ പരിചയവും പ്രാമുഖ്യവും നേടിയ സാഹചര്യത്തില്‍ അടുത്ത പടിയെന്നോണം രാജ്യാന്തര തലത്തില്‍ ബന്ധങ്ങളും അവസരവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആമുമായുള്ള സഹകരണത്തോടെ ലഭിക്കുന്നതെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മേക്കര്‍വില്ലേജിലെ മിക്ക കമ്പനികളും ഉപയോഗിക്കുന്നത് ആമിന്റെ ഉത്പന്നങ്ങളാണ്. ഉത്പാദകരില്‍ നിന്നു തന്നെ അതിന്റെ ഉപയോഗവും പ്രയോഗവും മനസിലാക്കുകയെന്നത് സംരംഭങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.

വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള മേക്കര്‍വില്ലേജിലെ പല ഉത്പന്നങ്ങള്‍ക്കും അന്താരാഷ്ട്രതലത്തിലേക്ക് എത്താനുള്ള അവസരമായും ഈ സഹകരണ പരിപാടി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാസത്തില്‍ ഒരു തവണ ആമിന്റെ വിദഗ്ധ സംഘം മേക്കര്‍വില്ലേജ് സന്ദര്‍ശിച്ച് സംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ എല്ലാത്തരം കമ്പ്യൂട്ടര്‍ ഉപകരണങ്ങളിലും ബഹിരാകാശ നിലയങ്ങളിലുമുള്‍പ്പെടെ ആമിന്റെ ഇലക്ട്രോണിക് ഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടറില്‍ വരെ ആമിന്റെ സാങ്കേതിക വിദ്യയുടെ സഹായമുണ്ട്. കാറുകളിലെ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ബയോമെട്രിക് ഉപകരണങ്ങള്‍, മൈക്രോകണ്‍ട്രോളറുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങി നിത്യോപയോഗ ഉപകരണങ്ങള്‍ മുതല്‍ അതിസങ്കീര്‍ണമായ സാങ്കേതിക ഉപകരണങ്ങളില്‍ വരെ ആമിന്റെ സാന്നിദ്ധ്യമുണ്ട്.

നിലവില്‍ ക്വാല്‍കോം, ബോഷ്, ഐബിഎം തുടങ്ങിയ ആഗോള സാങ്കേതികവിദ്യ ഭീന്‍മാര്‍ മേക്കര്‍വില്ലേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച സാങ്കേതിക പരിജ്ഞാനവും വിദഗ്‌ധോപദേശവും നല്‍കാനുള്ള മേക്കര്‍വില്ലേജിന്റെ പ്രതിബദ്ധതയുടെ ഫലപ്രാപ്തിയാണ് ആമുമായുള്ള സഹകരണമെന്നും പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.