അമൃത വിശ്വവിദ്യാപീഠം സ്റ്റാർട്ടപ്പുകൾക്കായി ആക്‌സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

Posted on: May 25, 2019

കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിലുള്ള ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആക്‌സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നായി 380 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആക്‌സിലറേറ്റർ പരിപാടിയിൽ സംബന്ധിച്ചു. ഇതിൽ 115 സംരംഭങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും 50 സംരംഭങ്ങൾക്ക് മെന്ററിംഗ് സപ്പോർട്ട് നൽകുകയും ചെയ്തു. ഏറ്റവും മികച്ച 9 സംരംഭങ്ങളെ പ്രത്യേക സഹകരണത്തിനായി തെരഞ്ഞെടുത്തു. 1 ലക്ഷം യുഎസ് ഡോളറാണ് സീഡ് ഇൻവെസ്റ്റ്‌മെന്റായി വിവിധ സംരംഭങ്ങൾക്ക് ലഭ്യമാക്കുന്നത്.

പുതിയ കണ്ടെത്തലുകളെയും സംരംഭകത്വത്തേയും ദേശീയതലത്തിൽതന്നെ പ്രോത്സാഹിപ്പിക്കുകയും സ്റ്റാർട്ടപ്പുകളെ ലോക നിലവാരത്തിലേക്ക് വേഗത്തിൽ ഉയർത്തിക്കൊണ്ട് വരികയെന്നതുമാണ് അമൃത ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിന്റെ ലക്ഷ്യമെന്ന് അമൃതപുരി ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ ഡയറക്ടർ ഡോ കൃഷ്ണശ്രീ അച്ചുതൻ പറഞ്ഞു. പ്രരംഭ മൂലധനത്തിന്റെ കാര്യത്തിൽ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആക്‌സിലറേറ്റർ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ആവശ്യമായ ഫണ്ടും മാർഗനിർദ്ദേശവും പരിശീലനവും നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെയും അമൃത വിശ്വ വിദ്യാപീഠത്തിന്റെയും പിന്തുണയോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററാണ് അമൃത ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ. മുംബൈയിൽ നിന്നുള്ള അട്രോൺ, ചെന്നൈയിൽ നിന്നുള്ള കോസ്ഗ്രിഡ്, ഉത്തരാഖണ്ഡിൽ നിന്നുള്ള മിറിക്ക, ബംഗലുരുവിൽ നിന്നുള്ള മെഡ്പിക്, നിക്കോസ് എന്നിങ്ങനെ ഫാർമസ്യൂട്ടിക്കൽ, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് പിന്തുണ നൽകുന്നതിനായി തെരഞ്ഞെടുത്തത്.