അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി

Posted on: April 20, 2023

കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിംഗ് എനേബിള്‍ഡ് ഡയറക്ഷണല്‍ സംവിധാനവും ആധുനീക ബ്രെയിന്‍ സെന്‍സിംഗ് സംവിധാനമുള്ള ന്യൂറോസ്റ്റിമുലേറ്ററും സംയോജിപ്പിച്ചാണ് കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ പ്രക്രിയ സാധ്യമാക്കിയത്. രോഗിയുടെ ജീവിത നിലവാരത്തില്‍ ഗണ്യമായ മെച്ചപ്പെടലും ഇപ്പോള്‍ ദൃശ്യമാണ്.

ചികില്‍സയുണ്ടെങ്കിലും പ്രായത്തിനനുസരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ വര്‍ധിക്കുകയാണു ചെയ്യുന്നത്. രോഗം മുന്നോട്ടു പോകുമ്പോള്‍ രോഗിക്ക് സ്വയമേ അല്ലാത്ത അസ്വാഭാവിക ചലനങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തില്‍ രോഗം കൈകാര്യം ചെയ്യാന്‍ ഏറ്റവും മികച്ച പ്രക്രിയയായാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ കണക്കാക്കപ്പെടുന്നത്. ചലന പ്രശ്നങ്ങള്‍ ഉള്ള പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് കുറഞ്ഞ തോതിലെ മുറിവുകള്‍ മാത്രമായി നടത്തുന്ന ശസ്ത്രക്രിയാ പ്രക്രിയയാണിത്.

നേരത്തെ തന്നെ കണ്ടെത്തുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്റ്റീരിയോടാക്ടിക് ആന്റ് ഫംഗ്ഷണല്‍ ന്യൂറോസര്‍ജന്‍ ഡോ അശോക് പിള്ള ചൂണ്ടിക്കാട്ടി. ഡിബിഎസ് ഈ രംഗത്തെ മികച്ച ചികില്‍സാ രീതിയാണ്. ഡിബിഎസ് സാങ്കേതികവിദ്യയിലെ പുതിയ മുന്നേറ്റങ്ങള്‍ ഈ പ്രക്രിയയുടെ ഗുണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതായും കൃത്യമായി ചികില്‍സ തേടാനും തങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനും തങ്ങള്‍ രോഗികളെ പ്രോല്‍സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ കൃത്യത ആവശ്യമായതിനാല്‍ ഡിബിഎസ് വെല്ലുവിളികളുള്ള ഒരു പ്രക്രിയയാണെന്ന് ഇതേക്കുറിച്ചു കൂടുതല്‍ വിശദീകരിച്ച അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂറോളജിസ്റ്റും മൂവ്മെന്റ് ഡിസോഡേഴ്സ് സ്പെഷലിസ്റ്റുമായ ഡോ. സറാഫ് ഉദിത്ത് ഉമേശ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളും ഈ രംഗത്തെ മുന്നേറ്റങ്ങളും ഇതിന്റെ ഗുണങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ സ്ഥിരമായ ഡിബിഎസ് പ്രോഗ്രാം നടത്തുന്ന അമൃത ആശുപത്രി ബ്രെയിന്‍ ഇമേജിംഗിലെ മുന്നേറ്റങ്ങളും ഉയര്‍ന്ന കൃത്യതയുള്ള റോബോട്ടിക് പിന്തുണയോടെയുള്ള ശസ്ത്രക്രിയയും സംയോജിപ്പിച്ച് മികച്ച ഫലങ്ങള്‍ നേടുകയും ശസ്ത്രക്രിയാ സമയം കുറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭേദമാക്കാനാവില്ലെങ്കിലും ഡിബിഎസ് വഴി രോഗിയുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിക്കും. പ്രവര്‍ത്തനങ്ങള്‍ ഒരു ദശാബ്ദത്തോളം മുന്നോട്ടു കൊണ്ടു പോകാനും സാധിക്കും. ന്യൂറോ സ്റ്റിമുലേറ്റര്‍ (ബ്രെയിന്‍ പെയ്സ്മേക്കര്‍) രോഗിയുട ശരീരത്തില്‍ ഘടിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.