ബദല്‍ അസ്ഥി വികസിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം

Posted on: May 27, 2022

കാന്‍സര്‍ ബാധിച്ചോ അപകടങ്ങള്‍ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച ‘നാനോടെക്‌സ് ബോണ്‍’ എന്ന ഗ്രാഫ്റ്റിന് (ബദല്‍ അസ്ഥി) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണാനുമതി ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസഷന്‍ മേയ് 17നാണ് അമൃത സര്‍വകലാശാലയ്ക്കു അനുമതി നല്‍കിയത്.

അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീര്‍ണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റാണിത്. തകരാറുള്ള സ്ഥലത്തു പുതിയ അസ്ഥിയെ പുനര്‍ജ്ജീവിപ്പിക്കാനും തുടര്‍ന്നുള്ള ദന്ത ചികിത്സയ്ക്കും ഈ ഗ്രാഫ്ട് സഹായിക്കുന്നു. അസ്ഥി വളരുന്നതിനനുസരിച്ചു ഈ ഗ്രാഫ്ട് ശരീരത്തില്‍ നിന്നും ജീര്‍ണിച്ചു പോവുകയും ചെയ്യുമെന്നുള്ളതാണ് ഈ ഗവേഷണത്തിന്റെ ഏറെ സവിശേഷമായ ഫലം. മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തില്‍ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ അസ്ഥികള്‍ പുനര്‍ജനിച്ചു പഴയ നിലയിലേക്ക് എത്തിയതായി കണ്ടു.

അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്റ്ററി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഗവേഷണത്തിന് നേതൃത്വം വഹിച്ചത്. അമൃത വിശ്വ വിദ്യാപീഠം നാനോസയന്‍സസ് ആന്‍ഡ് ഫാര്‍മസി ഡീനും, അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍സ് ഡയറക്ടറുമായ ഡോ. ശാന്തികുമാര്‍ വി. നായരുടെ നേതൃത്വത്തില്‍ ഡോ. മനിത നായര്‍, ഡോ. ദീപ്തി മേനോന്‍, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. വി. മഞ്ജു വിജയമോഹന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പത്തു വര്‍ഷത്തോളം നീണ്ട ഗവേഷണഫലമാണിത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഗവേഷണത്തിന്റെ തുടക്കത്തില്‍ സാമ്പത്തിക സഹായം നല്‍കിയത്. മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിനു ഫണ്ട് നല്‍കിയത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബയോടക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലാണ്.

താടിയെല്ലുകള്‍ പുനര്‍ജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരുത്പന്നം, ഓറല്‍ കാവിറ്റി ബോണ്‍ നഷ്ടമായതിന് ശേഷവും ഒരുവിധം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനു മനുഷ്യരാശിയ്ക്കു സഹായകമാകും.

ലോകത്ത് ഇത്തരത്തിലുള്ള ഒരു ഉല്‍പ്പന്നം ആദ്യമായിട്ടാണെന്ന് ഗവേഷകര്‍ അറിയിച്ചു. ആദ്യമായാണ് ഒരു യൂണിവേഴ്‌സിറ്റി ആരോഗ്യ രംഗത്ത് ഇത്തരമൊരു ഉത്പന്നം നിര്‍മിക്കുകയും അതിന്റെ ക്ലിനിക്കല്‍ ട്രയലിന് ഗവണ്മെന്റ് അനുമതി നേടുകയും ചെയ്യുന്നത്.

ഈ ഗ്രാഫ്ട് നിര്‍മ്മിക്കുന്നതിനുവേണ്ടി ഐ. എസ്. ഒ. സര്‍ട്ടിഫിക്കേഷനുള്ള ഗുഡ് മാനുഫാക്ച്ചറിംഗ് പ്രാക്ടീസ് (ജി. എം. പി.) കേന്ദ്രം, അമൃത വിശ്വ വിദ്യാപീഠം സര്‍വ്വകലാശാലയ്ക്കുണ്ട്. ക്ലിനിക്കല്‍ പരീക്ഷണം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്റ്ററിയിലും നടക്കും. ഇന്ത്യയിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും മെഡിക്കല്‍ ഇംപ്ലാന്റ്‌സും നാനോ മെഡിസിന്‍സും നിര്‍മിക്കുന്ന ജി എം പി സൗകര്യമില്ല. അമൃത ജി എം പി ഫസിലിറ്റിക്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാനുള്ള ISO 13485 ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ക്ലിനിക്കല്‍ പരീക്ഷണ പരിശോധനക്കുള്ള ISO 13485 ലഭിക്കുന്നത്.