അമൃത വിശ്വവിദ്യാപീഠം ഹെൽത്ത്കെയർ കാമ്പസിൽ ബിരുദദാന ചടങ്ങ് നടത്തി

Posted on: September 8, 2019

അമൃത കോളേജ് ഓഫ് നേഴ്സിംഗിലെയും അമൃത സ്‌കൂൾ ഓഫ് ഫാർമസിയിലെയും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫ. ബി. മഹാദേവൻ ഉദ്ഘാടനം ചെയ്യുന്നു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി എന്നിവർ സമീപം

കൊച്ചി : അമൃത വിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള ഹെൽത്ത്കെയർ കാമ്പസിലെ വിവിധ കോളേജുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സെപ്റ്റംബർ 3 മുതൽ മൂന്ന് ദിവസങ്ങളിലായാണ് ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ പഠനം പൂർത്തിയാക്കിയ 722 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയത്.

അമൃത കോളേജ് ഓഫ് നേഴ്സിംഗിലെയും അമൃത സ്‌കൂൾ ഓഫ് ഫാർമസിയിലെയും വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പ്രഫ. ബി. മഹാദേവൻ ഉദ്ഘാടനം ചെയ്തു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ പ്രേം നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫോർച്യൂൺ 500 കമ്പനികളുടെ ഉപദേഷ്ടാവായ വിജയ് മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

അമൃത നേഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രഫ.ഷീല പവിത്രനും അമൃത സ്‌കൂൾ ഓഫ് ഫാർമസിയിലെ ഫാർമക്കോളജി വിഭാഗം മേധാവി ഡോ പി ഉമാദേവിയും ചേർന്ന് വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അമൃത നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രഫ. കെ.ടി. മോളി, അമൃത വിശ്വവിദ്യാപീഠം റിസേർച്ച് ഡീൻ ഡോ. ശാന്തി കുമാർ നായർ, നേഴ്സിംഗ് ഡയറക്ടർ ബ്രഹ്മചാരിണി സായി ബാല, അമൃത സ്‌കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ സബിത, വിദ്യാർത്ഥി പ്രതിനിധികളായ രാഖി രാജ്, കൃഷ്ണപ്രിയ അശോക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അമൃതയിൽ എംഡി, എംഎസ്, ഡിപ്ലോമ, ഡിഎം, എംസിഎച്ച്, ബിഡിഎസ്, എംഡിഎസ്, എംടെക്, പിഎച്ച്ഡി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് പശ്ചിമ ബംഗാളിലെ ബേലൂരിലുള്ള രാമകൃഷ്ണ മിഷൻ വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാൻസ്‌ലർ സ്വാമി ആത്മപ്രിയാനന്ദയാണ് ഉദ്ഘാടനം ചെയ്തത്.

അലൈഡ് ഹെൽത്ത് സയൻസസ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് റിട്ടയേഡ് ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ കളക്ടർ കെ ആർ വിശ്വംഭരൻ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ വിശാൽ മാർവഹ, വൈസ് പ്രിസിപ്പൽ ഡോ. ആനന്ദ് കുമാർ, ചീഫ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എം.വി. തമ്പി, സീനിയർ ലക്ചറർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.