വിദ്യാര്‍ത്ഥികളുടെ 994 പദ്ധതികളുമായി എസ്എസ്ആര്‍ ഡേ ആഘോഷിച്ച് അമൃത സര്‍വകലാശാല

Posted on: May 28, 2019

അമൃതപുരി: സാമൂഹ്യ പ്രസക്തിയുള്ള സന്ദേശം ലോകത്തിന് നല്‍കുന്നതിനുള്ള ഒരു മാര്‍ഗമാണ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ ഉത്തരവാദിത്ത (എസ്എസ് ആര്‍-സ്റ്റുഡന്റ്‌സ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ ഐഎഎസ് പറഞ്ഞു. അമൃതപുരി കാംപസില്‍, അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഡയറക്റ്ററേറ്റ് ഓഫ് കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ് (സിഐആര്‍) വിഭാഗം സംഘടിപ്പിച്ച എസ്എസ്ആര്‍ ഡേയുടെ പത്താം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവരാശിയുടെ വമ്പന്‍ കുതിച്ചുചാട്ടത്തിന് സാങ്കേതികവിദ്യ നേതൃത്വം നല്‍കുന്ന കാലത്താണ് നാം ജീവിക്കുന്നതെങ്കിലും പരസ്പരസഹായത്തിന്റെ കാര്യം വരുമ്പോള്‍ ഈ മുന്നേറ്റം പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടേതായ എസ്എസ്ആര്‍ പദ്ധതികള്‍ വേണം. എല്ലാവരും സേവനത്തിന്റെ ഈ ഉത്‌സാഹം ഉള്‍ക്കൊണ്ടാല്‍ ലോകം മികച്ചൊരു ഇടമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ കരുമാടി ഗ്രാമത്തിലെ ഒരു വിദ്യാലയത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി നാല് ലക്ഷം രൂപ സമാഹരിച്ച ആറ് ബിടെക് വിദ്യാര്‍ത്ഥികളുടെ ഉന്നതി യെന്ന എസ്എസ്ആര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ മോഹന്‍കുമാര്‍ അഭിനന്ദിച്ചു.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി ഓരോരു ത്തരും പ്രവര്‍ത്തിക്കണമെന്ന് ഗസ്റ്റ് ഓഫ് ഓണറായി പരിപാടിയില്‍ പങ്കെടുത്ത ഇന്‍ഫോസിസിന്റെ എച്ച്ആര്‍ വിഭാഗം സീനിയര്‍ മേധാവി ലിയോനസ് ഏബ്രഹാം പറഞ്ഞു. ഒന്നും നാളത്തേക്ക് മാറ്റിവെക്കാതെ ഓരോരുത്തരും ഏതെങ്കിലും തരത്തി ലുള്ള സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ മുന്നോട്ടുവരണം. അതവരുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന നിലയിലായിരിക്കണം അത് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം പകരാനും കൃത്യമായ കാഴ്ച്ചപ്പാട് രൂപ പ്പെടുത്താനും നേതൃത്വഗുണം വളര്‍ത്താനും സാമൂഹ്യ അവബോധം സൃഷ്ടിക്കാനു മെല്ലാം 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ അമൃത എസ്എസ്ആര്‍ പദ്ധതിക്ക് സാധിക്കുന്നുണ്ട്. കാംപസ് സന്ദര്‍ശിക്കുന്ന എച്ച്ആര്‍ റിക്രൂട്ട്‌മെന്റ് സംഘങ്ങള്‍ ഇത്  സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സിഐആര്‍ ചെയര്‍മാന്‍ ബ്രഹ്മചാരി ബിജു കുമാര്‍ പറഞ്ഞു.

എസ്എസ്ആര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രായോഗികമായ നിരവധി തടസങ്ങളുണ്ടെങ്കിലും റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുടര്‍ച്ചയായ പോസിറ്റീവ് പ്രതികരണം എസ്എസ്ആര്‍ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ സജീവമാക്കാന്‍ അമൃതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സാധാരണയായ അക്കാഡമിക് പാഠ്യ പദ്ധതിക്കപ്പുറത്ത് സമഗ്രമായ കരിയര്‍ വികസനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന അമൃത വിശ്വ വിദ്യാപീഠത്തിലെ ഡിപ്പാര്‍ട്ട്‌മെന്റാണ് സിഐആര്‍. പ്രത്യേക മേഖലകളില്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു സിഐആര്‍. വ്യവസായ മേഖലകളിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ ശേഷിയുള്ള, ജീവിത നൈപുണ്യവും തൊഴില്‍ നൈപുണ്യവും സിദ്ധിച്ച, മത്‌സരക്ഷമതയുള്ളവരായി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയാണ് സിഐആര്‍ ചെയ്യുന്നത്.

10 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെ വിജയകരമായി ആയിരത്തോളം പദ്ധതികള്‍ അമൃത എസ്എസ്ആര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത കുട്ടികളുടെ എണ്ണം 57,000 വരുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഉന്നതിയെന്ന എസ്എസ്ആര്‍ ടീമിനെ കുറിച്ച് പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ വിദഗ്ധര്‍ പ്രത്യേക പരാമര്‍ശം നടത്തിയത് ശ്രദ്ധേയമായി. ആലപ്പുഴയിലെ കരുമാടി ഗ്രാമത്തിലെ സെന്റ് നിക്കോളാസ് സ്‌കൂളിന് അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജീകരിച്ച് നല്‍കുന്നതിനായി നാല് ലക്ഷം രൂപയാണ് ഉന്നതി ടീം സമാഹരിച്ചത്. അമൃത കണ്ടോത്ത്, അപൂര്‍വ ജയറാം, ആര്യ നിമ്മി രാജു, പൂജ ജയകുമാര്‍ പിള്ള, റിതിക മോഹന്‍, പ്രിയ ടി.വി എന്നിവരാണ് ഉന്നതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരെ പരിപാടിയില്‍ വെച്ച് ആദരിച്ചു. ഇതിന് സമാനമായ 994 എസ്എസ്ആര്‍ പദ്ധതികളാണ് 2009നും 2019നും ഇടയില്‍ വിദ്യാര്‍ത്ഥികളുടെവിവിധ സംഘങ്ങള്‍ നടപ്പിലാക്കിയത്.

അമൃത കോളജ്  ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. നന്ദകുമാര്‍, സിഐആര്‍ അമൃതപുരി കാംപസ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ ഗാന്ധി എന്നിവരെ കൂടാതെ നിരവധി വിദ്യാര്‍ത്ഥി പ്രതിനിധികളും പരിപാടിയില്‍ സംസാരിച്ചു.