പുതിയ കാലഘട്ടം യുവസംരംഭകരുടേതെന്ന് എം. എ യൂസഫലി

Posted on: July 23, 2018

സ്റ്റാർട്ട്അപ്പ് : തുടങ്ങാം പുതുസംരംഭങ്ങൾ എന്ന പുസ്തകം കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രനിൽ നിന്ന് കോപ്പി ഏറ്റുവാങ്ങി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി പ്രകാശനം ചെയ്യുന്നു. പിവിഎസ് മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ പി.വി അഭിഷേക്, ആർ. റോഷൻ എന്നിവർ സമീപം.

കൊച്ചി : പുതിയ കാലഘട്ടം യുവസംരംഭകരുടേതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ യൂസഫലി പറഞ്ഞു. മാതൃഭൂമി ധനകാര്യ ലേഖകൻ ആർ. റോഷൻ എഴുതിയ സ്റ്റാർട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദേഹം.

പുതിയ ആശയങ്ങളുമായി വന്ന്, അതിലൂടെ ധാരാളം തൊഴിലസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് യുവസംരംഭകർ ചെയ്യേണ്ടത്. സംരംഭക രംഗത്തേക്ക് വരുന്ന യുവാക്കൾക്ക് പ്രചോദനം നൽകുന്നതാണ് ഈ പുസ്തകം. ഇതിൽ നിരവധി പേരുടെ വിജയകഥകളുണ്ട്. ഇത്തരം പരിചയസമ്പത്തുള്ളവരിൽ നിന്ന് അറിവ് ഉൾക്കൊള്ളുകയാണ് യുവസംരംഭകർ ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.

ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രനിൽ നിന്നാണ് എം. എ യൂസഫലി പുസ്തകം ഏറ്റുവാങ്ങിയത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൽ എങ്ങനെ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾ തുടങ്ങാമെന്നും അതിനെ വളർത്തിവലുതാക്കാമെന്നും വിശദീകരിക്കുന്നു. ഒപ്പം, എട്ടോളം സ്റ്റാർട്ട്അപ്പ് സംരംഭകരുടെ വിജയകഥകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പിവിഎസ് മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ പി.വി അഭിഷേക്,  ആർ. റോഷൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.