എക്‌സ്‌പ്ലോറൈഡിന് അഞ്ച് ലക്ഷം ഡോളറിന്റെ പ്രീ ഓർഡർ

Posted on: October 9, 2015

Exploride-Sunil-Vallath-Bigകാറോടിക്കുമ്പോൾ ഡ്രൈവിംഗ് തടസപ്പെടാതെ പാട്ടുകേൾക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാൻഡ്‌സ് ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകർ 40 ദിവസത്തിനുളളിൽ അഞ്ചു ലക്ഷം ഡോളറിന്റെ പ്രീ-ഓർഡർ നേടി റെക്കോർഡിട്ടു. അൻപതു രാജ്യങ്ങളിൽ നിന്ന് 1800 ഓർഡറുകൾ നേടി കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ എക്‌സ്‌പ്ലൊറൈഡാണ് ഇന്ത്യൻ യുവസംരംഭകർക്കിടയിലെ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.

പൂർണമായും ഡ്രൈവിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചുതന്നെ ഡിജിറ്റൽ ഭൂപടങ്ങൾ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേൾക്കാനും കൈയ്യുടെ ചെറുചലനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ‘എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ’ സഹായിക്കും. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് 40 ദിവസങ്ങൾക്കുള്ളിൽ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ്  സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല.

Exploride-navigator-Big

കാറിന്റെ ഡാഷ്‌ബോർഡിൽ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. കാറിലെ എഫ് എം, മീഡിയപ്ലേയർ തുടങ്ങിയ വിനോദോപാദികൾ, സ്പീഡോമീറ്ററും ഡിജിറ്റർ റീഡ്ഔട്ടും അടങ്ങുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാവിഗേഷൻ സിസ്റ്റം, ഡ്രൈവറുടെ മൊബൈൽ ഫോൺ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡിൽ നിന്നു കണ്ണെടുക്കാതെ ഡ്രൈവ് ചെയ്യാൻ ഇതു സഹായിക്കുമെന്ന് എക്‌സ്‌പ്ലൊറൈഡ് സിഇഒ സുനിൽ വല്ലത്ത് വിശദീകരിച്ചു.

അന്താരാഷ്ട്ര വിപണിയിൽ എക്‌സ്‌പ്ലൊറൈഡിനു ലഭിച്ച സ്വീകാര്യത ഉത്പന്നത്തിന്റെ ഉപയോഗയോഗ്യത സാധൂകരിക്കുന്നു. ഉപകരണത്തിന്  299 ഡോളർ നിരക്കിൽ അമേരിക്കയിൽ നിന്നാണ് ഏറ്റവും വലിയ ഓർഡർ വന്നതെന്നും അദ്ദേഹം അറിയിച്ചു.

ജിപിഎസിനു പുറമെ ത്രീജിയെക്കാൾ പത്തു മടങ്ങ് വേഗതയുള്ള 4 ജി എൽടിഇ മൊബൈൽ കമ്മ്യൂണിക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളിൽ സ്മാർട്ട് ഫോണിനു പകരമാകും. ഡ്രൈവിംഗിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയ്‌സ് ആക്ടിവേറ്റഡ് നാവിഗേഷൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനമോടുന്ന വഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോർഡ് ചെയ്യുന്നതിനാൽ ഇൻഷ്വറൻസ് പോലെയുള്ള ആവശ്യങ്ങൾക്കും ഇതു സഹായിക്കും.

കൈയുടെ ചെറുചലനത്തിലൂടെ വാഹനമോടിക്കുമ്പോൾ തന്നെ ഫോൺ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും എക്‌സ്‌പ്ലോറൈഡ് സഹായിക്കും. സ്പീഡ്, ടയർപ്രഷർ, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും സ്‌ക്രീനിൽ കാണാം. കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിൾ മ്യൂസിക്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്.

ആഗോള വിപണി മുന്നിൽ കണ്ടാണ് ഉപകരണത്തിന് രൂപം നൽകിയതെന്ന് സുനിൽ വല്ലത്ത് പറഞ്ഞു. ഡിസൈൻ മികവിലും ഗുണമേന്മയിലും മൂല്യത്തിലും എക്‌സ്‌പ്ലൊറൈഡ് ലോകനിലവാരം പുലർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാറോടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് എക്‌സ്‌പ്ലൊറൈഡ് എന്ന ആശയം സുനിലിന്റെ മനസിൽ ഉരുത്തിരിയുന്നത്. ഡ്രൈവിംഗിനിടയിൽ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്ന ഉപകരണമെന്ന ആശയമായാണ് എക്‌സ്‌പ്ലൊറൈഡ് ഉണ്ടാകുന്നത്.

സ്റ്റാർട്ടപ്പ് വില്ലേജിൽ നിന്നുള്ള നാലാമത്തെ അന്താരാഷ്ട്ര ക്രൗഡ് ഫണ്ടിംഗ് സംരംഭമാണ് എക്‌സ്‌പ്ലൊറൈഡ്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ഉപകരണത്തിൽ കൂട്ടിച്ചേർക്കുമെന്ന് സുനിൽ വല്ലത്ത് പറഞ്ഞു. കമ്പനി കൂടുതൽ വലുതാക്കി പത്ത് മില്യൺ ഡോളർ നിക്ഷേപം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.