റൗണ്ട് ഓട്ടോമേഷൻ : ഓർഗാനിക് ഫാമിംഗ് സ്റ്റാർട്ടപ്പ്

Posted on: August 4, 2015

RoundLife-Team-Big

ചുറ്റുമുള്ളവരെ കൃഷിക്കാരാക്കി അതിൽ നിന്നും നേട്ടം കൊയ്യുകയാണ് റൗണ്ട്‌ലൈഫ് ടീം. വിഷരഹിതമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പിലും മട്ടുപ്പാവിലും ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടുക്കി സ്വദേശികളായ നാല് സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ റൗണ്ട് ഓട്ടോമേഷൻ എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന് തുടക്കമായി. ചുരുങ്ങിയ സ്ഥലത്തു കൃഷിചെയ്യാനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കി നൽകുകയാണ് റൗണ്ട് ഓട്ടോമേഷൻ ചെയ്യുന്നത്. ജേബീസ് ഇൻപുട്ട്‌സ് ആൻഡ് ലിമിറ്റഡുമായി ചേർന്നാണ് റൗണ്ട് ഓട്ടോമേഷൻ പ്രവർത്തിക്കുന്നത്.

ഒരു സെന്റ് സ്ഥലത്തു കൃഷിചെയ്യാൻ ആവശ്യമായ എല്ലാ സാധനങ്ങളും സാമഗ്രികളും എത്തിച്ചു കൃത്യമായി ഓരോ സ്ഥലത്തിന്റെയും രൂപത്തിനനുസരിച്ചു സെറ്റു ചെയ്തു നൽകുകുന്നു. ഇതിന് ആവശ്യമായ മണ്ണു മുതൽ വേണ്ട വിത്തുകൾ വരെ റൗണ്ട് ഓട്ടോമേഷൻ നൽകും. ചുരുക്കിപ്പറഞ്ഞാൽ കൃഷി ചെയ്യുന്നയാൾ മേൽനോട്ടം നടത്തിയാൽ മതി. ബാക്കി എല്ലാം റൗണ്ട് ഓട്ടോമേഷൻ ചെയ്തുകൊള്ളും. പിറവം കാക്കൂരിലുള്ള ടെക്‌നോ ലോഡ്ജിലാണ് റൗണ്ട് ഓട്ടോമേഷൻ പ്രവർത്തിക്കുന്നത്.

വിഷരഹിതമായ പച്ചക്കറി കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാകില്ല. പക്ഷേ ഉത്പാദനത്തിന്റെ മെനക്കേടുകൾ ഓർക്കുമ്പോൾ ആരും ഇതിനു തുനിയാറില്ല. ഈ മെനക്കേടുകൾക്ക് കൃത്യമായ പരിഹാരം കാണാനാണ് കട്ടപ്പന സ്വദേശിയായ ജെൻസ് കുര്യനും കൂട്ടുകാരും റൗണ്ട് ഓട്ടോമേഷൻ എന്ന സംരംഭം തുടങ്ങിയത്. റൗണ്ട് ഓട്ടോമേഷന്റെ മാനേജിംഗ് ഡയറക്ടറാണ് ജെൻസ് കുര്യൻ. ഷിജോ വി. മാത്യു(ടെക്‌നിക്കൽ ഡയറക്ടർ), ജോബിൾ തോമസ് (ഡയറക്ടർ ബോർഡ് മെമ്പർ), ബിനോയ് സി. ജോസഫ് (പ്രൊഡക്ഷൻ മാനേജർ) എന്നിവരാണ് റൗണ്ട് ഓട്ടോമേഷന്റെ മറ്റു സാരഥികൾ.

ശൂന്യതയിൽ നിന്നു കാര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനു തുല്യമായിരുന്നു റൗണ്ട് ഓട്ടോമേഷന്റെ രൂപീകരണമെന്നു ജെൻസ് പറയുന്നു. ചെറിയൊരു ആശയം മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. അതു രൂപപ്പെടുത്തി സംരംഭമാക്കി മാറ്റാൻ വലിയ ശ്രമം തന്നെ വേണ്ടി വന്നു. അടുക്കളത്തോട്ടത്തെ എങ്ങനെ മാറ്റിയെടുക്കാം, തുടർ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ദീർഘനാളത്തെ ആലോചനയ്ക്കു ശേഷമാണു രൂപപ്പെട്ടത്.

വീടിന്റെ ടെറസിലെയും രണ്ടു സെന്റിലെയും മൂന്നു സെന്റിലെയും കൃഷിയൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ എങ്ങനെ ചെയ്യണമെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ തന്നെ ഓരോന്നും ഓരോ സ്ഥലത്തു നിന്നു സംഘടിപ്പിച്ചു ഒരു ഗ്രീൻ ഹൗസോ പോളി ഹൗസോ ഒരുക്കണമെങ്കിൽ വലിയ തുക ചെലവഴിക്കേണ്ടതായും വരും. അതും കൃത്യമായി ചെയ്യാൻ ആളെ കിട്ടില്ല.

ഇതിനൊരു പരിഹാരവും ഭാവിയിലേക്കുള്ള ഇത്തരം കൃഷിരീതികളുടെ സാധ്യതകളും മുന്നിൽ കണ്ടാണ് കൃഷിക്കു വേണ്ട സാഹചര്യങ്ങൾ മൊത്തമായി ഒരുക്കി നൽകുന്ന സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തിലേക്കു റൗണ്ട് ലൈഫിനെ നയിച്ചത്. റൗണ്ട് ലൈഫിന്റെ ഗ്രീൻ ടവറിന് കീഴിൽ 12 തരം പച്ചക്കറികൾ കൃഷിചെയ്യാനാകും. നൂറ് സ്‌ക്വയർഫീറ്റ് സ്ഥലത്താണ് ഇതു തയാറാക്കുന്നത്. 90 ദിവസം ഒരു വിളയുടെ ആയുസ് കണക്കാക്കിയാണ് ഇവരുടെ കൃഷിരീതി.

RounLife-Big

കൃഷി ചെയ്യാനുള്ള സ്ഥലം തയാറാക്കുന്നതിനൊപ്പം കൃഷിചെയ്യാൻ ആവശ്യമായ വിത്തുകളും നൽകും. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളായിരിക്കും റൗണ്ട് ലൈഫ് നൽകുക. ടെറസിലാണ് കൃഷിയെങ്കിൽ അവിടേക്ക് ആവശ്യമായ് മണ്ണ്, തണലു നൽകാനുള്ള ഷീറ്റുകൾ, ഇടേണ്ട വളം എന്തിന് കൃഷിചെയ്യേണ്ടത് എങ്ങനെയെന്നു വരെ വിശദീകരിക്കും.

ഓരോ സമയത്തും പച്ചക്കറികൾക്ക് ആവശ്യമായ വളങ്ങളും എത്തിച്ചു നൽകും. കൂടാതെ കൃഷി അനുബന്ധമായി മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതും ഇവർ തയാറാണ്. വീടിന്റെ ടെറസിൽ സ്ഥാപിക്കുന്ന ഇത്തരം ഗ്രീൻ ടവറുകൾ വീടുമാറുകയോ മറ്റോ ചെയ്താൽ വളരെ അനായാസമായി മാറ്റി സ്ഥാപിക്കാനും കഴിയും. മാത്രമല്ല കൃഷിചെയ്യുന്ന പച്ചക്കറിക്ക് ഏത് കാലാവസ്ഥയാണോ ആവശ്യം അതനുസരിച്ചു ഇതു ക്രമീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ ലെറ്റിയൂസ് തുടങ്ങിയ പച്ചക്കറികൾ ഉത്പാദിപ്പിക്കാം. വെറുതെ കുറച്ചു പച്ചക്കറികൾ കൃഷിചെയ്തു തരികയല്ല ആകർഷകമായൊരു തോട്ടം തന്നെയാണ് റൗണ്ട് ലൈഫ് ഒരുക്കുന്നത്.

കാഴ്ചയിൽ ഒരു പൂന്തോട്ടത്തിന്റെ ഇഫക്ട്. ഗ്രീൻ ടവർ കൂടാതെ ഫാം മേറ്റ്, വെള്ളം സംരക്ഷിച്ചു ചെടികൾ വളർത്താനായി എച്ച2ഒ, ജൈവപരമായി തന്നെ കീടങ്ങളെ ഇല്ലാതാക്കാനുള്ള ബയോ ഷീൽഡ്, മിറാക്കിൾ, ബയോ ഗ്രീൻ തുടങ്ങിയ ഉത്പന്നങ്ങളും കമ്പനിയുടേതായുണ്ട്.

എട്ടു ലക്ഷം രൂപ മുതൽ മുടക്കിയാണ് സംരംഭം തുടങ്ങിയത്. സ്വന്തമായി സമാഹരിച്ച തുക തന്നെയാണ് ഇതിനായി വിനിയോഗിച്ചത്. ഒരു കോടിയുടെ ബിസിനസാണ് ഈ ധനകാര്യവർഷം ഇവർ പ്രതീക്ഷിക്കുന്നത്. കൂടുതൽ സാധ്യതകൾക്കുമായി ടെക്‌നോലോഡ്ജുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. പിറവത്തുള്ള അഗ്രോ പാർക്കുമായും റൗണ്ട് ലൈഫ് സഹകരിക്കുന്നു.

ഫോൺ: 8547606266 വെബ്‌സൈറ്റ്: http://roundlife.in/