സ്മാർട്ട് ഹെൽത്ത്ഗാർഡുമായി കൂയി ഇന്ത്യ

Posted on: June 22, 2015

Cooey-Team-Big

ആശുപത്രിയിലെ ചികിത്സാ രേഖകൾ ഡിജിറ്റലാക്കുന്നതും വീട്ടിലിരുന്നു പരിശോധനകൾ നടത്താവുന്നതുമായ സ്മാർട്ട് ഹെൽത്ത് സംവിധാനമാണ് കൂയി ഇന്ത്യ വികസിപ്പിച്ചിട്ടുള്ളത്. ബ്ലഡ് പ്രഷർ മോണിട്ടർ, സ്മാർട്ട് ബോഡി അനലൈസർ, സ്മാർട്ട് ഗ്ലൂകോമീറ്റർ തുടങ്ങിയ ആരോഗ്യം സംരക്ഷണ ഉപാധികളാണ് കൂയിയുടെ ഫ്‌ലാഗ്ഷിപ്പ് ഉത്പന്നങ്ങൾ.

തുടർച്ചയായി ആശുപത്രികളിൽ കയറിയിറങ്ങേണ്ടിവരുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ചികിത്സാ രേഖകൾ സൂക്ഷിക്കുകയും കൈയ്യിൽ കൊണ്ടു നടക്കുകയും ചെയ്യുകയെന്നത് വിഷമമുള്ളകാര്യമാണ്. അതേപോലെ ദിവസവും പരിശോധനകൾക്കായി ലാബോറട്ടറികളും ആശുപത്രികളും കയറിയിറങ്ങേണ്ടിവരുന്നതും ബുദ്ധിമുട്ടുണ്ടാക്കും. സ്ഥിരം രോഗികളായവരെ സംബന്ധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ഹെൽത്ത്‌കെയർ മേഖലയിൽ വിപ്ലകരമായേക്കാവുന്ന മാറ്റവുമായി കൂയി രംഗത്തെത്തിയിട്ടുള്ളത്.

Cooey-smart-health-guard-Biകൊളസ്‌ട്രോൾ, ഡയബെറ്റിസ് തുടങ്ങി തുടർച്ചയായി ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ഇതുവഴി ദിവസേനയുള്ള പരിശോധനകൾ വീട്ടിലിരുന്നു ചെയ്യാൻ സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. അതുമാത്രമല്ല. ഇത്തരത്തിൽ നടത്തുന്ന പരിശോധനകളുടെ വിവരങ്ങൾ ബന്ധപ്പെട്ട ഡോക്ടർക്ക് രോഗിയെ ആശുപത്രിയിലെത്തിക്കാതെ ലഭ്യമാക്കാമെന്നതും കൂയിയുടെ പ്രത്യേകതയാണ്.

ഹാർഡ്‌വേറിലും സോഫ്റ്റ്‌വേറിലും പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് കൂയി ഇന്ത്യ വികസിപ്പിച്ചിട്ടുള്ളത്. കൊളസ്‌ട്രോൾ, ബിപി, ബ്ലഡ് ഷുഗർ, ഹാർട്ട്ബീറ്റ് തുടങ്ങിയ പരിശോധിക്കുന്ന ഉപകരണങ്ങളടങ്ങിയതാണു ഹാർഡ്‌വേർ. ഈ ഉപകരണങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതാണ് ഇതിലെ സോഫ്റ്റ്‌വേർ ഭാഗം. ബ്ലൂടൂത്ത് സംവിധാനത്തോടെയുള്ള ഉപകരണങ്ങളാണിത്. പരിശോധന നടത്തുന്നതിന്റെ ഫലം ഉപകരണത്തിൽ തെളിയുന്നതിനോടൊപ്പം ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട്‌ഫോണിലെ ആപ്പിലും ഇന്റർനെറ്റുവഴി പരിശോധനാഫലം ലഭിക്കുകയും ചെയ്യും.

Cooey-BP-Bigകമ്പനിയുടെ വെബ്‌സൈറ്റുവഴിയും ഗൂഗിൾ പ്ലേയിലൂടെയും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഏതു ഫോണിലും പരിശോധന ഫലം ലഭിക്കും. മാത്രമല്ല അപ്പിലെ വിവരങ്ങൾ manage.cooey.co.in എന്ന വെബ്‌സൈറ്റിലേക്ക് ഷെയർ ചെയ്യുന്ന സംവിധാനവും ഇവർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷെയർ ചെയ്യപ്പെടുന്ന വിവരങ്ങൾ വെബ്‌സൈറ്റുവഴി ഡോക്ടർക്ക് കാണാനും ആശ്യമായ ചികിത്സ നിർദേശിക്കാനും കഴിയും.

മൂവായിരം മുതൽ 3500 വരെയാണ് ഒരു ഹാർഡ്‌വേർ ഡിവൈസിന്റെ വില. വിവിധ പരിശോധനകൾക്കായി ഉപയോഗിക്കുന്ന അഞ്ചു ഉപകരണങ്ങൾ ഒന്നിച്ചു ചേരുന്ന പുതിയ ഒരു ഡിവൈസും ഇവർ കണ്ടുപിടിച്ചിട്ടുണ്ട്. ഓരോ പരിശോധനകൾക്കും ഓരോ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണിത്. മാത്രമല്ല അഞ്ചു പരിശോധനകളുടെ റിസൾട്ട് ഒറ്റ പരിശോധനയിൽതന്നെ ലഭിക്കുകയും ചെയ്യും. ഈ ഉപകരണവും വിപണിയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. പതിനായിരം രൂപയാണ് വില. ഇസിജി, ടെംപറേച്ചർ, ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകളാണ് ഈ ഡിവൈസുവഴി ചെയ്യുന്നത്.

പരിശോധന ഫലം കൂടാതെ രോഗി ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രിസ്‌ക്രിപ്ഷനുകൾ, ലാബ് റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാം വെബ്‌സൈറ്റിൽ ഉൾപ്പെടുത്താം. പരിശോധനാ രേഖകൾ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇതുവഴി ഒഴിവാക്കാമെന്ന് കമ്പനി പറയുന്നു. ഒന്നര മാസത്തിനുള്ളിൽ 250 ഓളം രോഗികൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു.

ആദ്യഘട്ടത്തിൽ ആശുപത്രികൾ വഴിയാണ് ഈ ടെക്‌നോളജി ഏർപ്പെടുത്തുന്നത്. ബംഗലുരുവിലെ സാഗർ ഹോസ്പിറ്റലിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്നു ആശുപത്രികളിലും കൂയിയുടെ സേവനം ഇപ്പോൾ ലഭ്യമാണ്. കൂടുതൽ ആശുപത്രികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുന്നതിനായി ഹോസ്പിറ്റൽ മാനേജ്‌മെന്റുകളുമായി ആശയവിനിമയം നടത്തിവരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞു.

നടക്കാൻ പ്രയാസമുള്ളതും പ്രായമായതുമായ രോഗികളുമായി ദിവസവും ആശുപത്രികൾ കയറിയിറങ്ങേണ്ടിവന്ന ദുരിതങ്ങളിൽ നിന്നാണ് വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ ഇത്തരമൊരു ആശയത്തിനു തുടക്കമിട്ടത്. 2014 നവംബറിൽ കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ പ്രൊഡക്ടറ്റായ കൂയി അവതരിപ്പിച്ചത് 2015 ജനുവരിയിലാണ്. വെറും 25 ലക്ഷം രൂപകൊണ്ടാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച ആശയങ്ങൾക്ക് സ്റ്റാർട്ടപ്പ് വില്ലേജ് നൽകുന്ന മൂന്നു ലക്ഷം രൂപ സീഡ് ഫണ്ടാണ് പുറത്തുനിന്നും കിട്ടിയത്. ബാക്കി തുക കണ്ടെത്തിയത് സംരംഭകർ തന്നെയായിരുന്നു. മനു മധുസൂധനനാണ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും. ജി. അങ്കുർ ഓപറേഷൻ ഹെഡും അശ്വത് ശങ്കർ എൻജിനീയറിംഗ് ഹെഡും ഡോ. മനീഷ നിഷാൽ മാർക്കറ്റിംഗ് ഹെഡുമാണ്.

സ്റ്റാർട്ടപ്പ് വില്ലേജിലെ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടേക്ക് ആകർഷിച്ചതെന്ന് മനു പറയുന്നു. പ്രൊഡക്ട് ഡെവലപ്പമെന്റിനായി ഹാർഡ്‌വേർ സപ്പോർട്ട് ആവശ്യമായിരുന്നു. ഇത്തരം സപ്പോർട്ട് നൽകുന്ന കമ്പനികൾ സ്റ്റാർട്ടപ്പ് വില്ലേജിൽ ഉണ്ടായിരുന്നു. സ്റ്റാർട്ടപ്പ് വില്ലേജിൽ എത്തിയതുവഴി അവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താനായെന്നും മനു പറഞ്ഞു. ഫണ്ടിംഗ് കണ്ടെത്തലായിരുന്നു കമ്പനി നേരിട്ട വലിയ പ്രതിസന്ധി. ആദ്യ വർഷത്തിൽതന്നെ 85 ലക്ഷത്തിന്റെ ടേൺ ഓവറാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വെബ്‌സൈറ്റ്  http://cooey.co.in/, http://manage.cooey.co.in/ ഫോൺ  9845741130