മാപ്പിംഗ് സിസ്റ്റവുമായി റാബിറ്റ് ടെക്‌നോളജീസ്

Posted on: June 9, 2015

Rabit-Team-Big

ഹെൽത്ത്‌കെയർ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ റാബിറ്റ് ടെക്‌നോളജീസ്. രോഗിയും ഡോക്ടറുമായുള്ള ആശയവിനിമയസംവിധാനം ഡിജിറ്റലാക്കി മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയമാണ് റാബിറ്റ് ആവിഷ്‌കരിച്ചിട്ടുള്ളത്. നിയറൽസ് എന്നു പേരിട്ടിരിക്കുന്ന ഡിവൈസ് ബാൻഡിലൂടെ രോഗിയുടെ വിവരങ്ങൾ അറിയാൻ ഡോക്ടർക്കും, അടിയന്തരഘട്ടങ്ങളിൽ രോഗിക്ക് വേഗത്തിൽ ഡോക്ടറുടെ സേവനം തേടാൻ രോഗിക്കും നിയറൽസ് ഉപകരിക്കും.

ഇൻർനെറ്റ് ടു ഡിവൈസ് എന്ന സംവിധാനത്തിലാണ് നിയറൽസിന്റെ പ്രവർത്തനം. രോഗിയുടെ കൈയ്യിലോ ശരീരഭാഗത്തോ ഇടുന്ന ഡിവൈസ് ബാൻഡ് വഴി രോഗിയെ പൂർണമായും ഡോക്ടർക്ക് നിരീക്ഷിക്കാനാകും. രോഗിയെ കിടത്തിയിരിക്കുന്ന ബെഡ്, മുറി, വാർഡ്, രോഗി പോകുന്ന ഇടങ്ങൾ, ചികിത്സാ വിവരങ്ങൾ തുടങ്ങി ആശുപത്രിയും രോഗിയുമായുള്ള എല്ലാ വിവരങ്ങളും ഈ ഡിവൈസിലൂടെ അറിയാൻ സാധിക്കും.

Rabit-Nearles-band-Bigരോഗിയുടെ ആരോഗ്യനിലയും ഡോക്ടർക്ക് നീരീക്ഷണ വിധേയമാക്കാം. രോഗിയുടെ ആരോഗ്യാവസ്ഥ, ഹാർട്ട്ബീറ്റ്, പൾസ് തുടങ്ങി രോഗത്തിന്റെ ഓരോഘട്ടത്തിലേയും വ്യത്യാസങ്ങൾ വരെ ഡിവൈസ് വഴി ഡോക്ടർക്ക് ലഭിച്ചുകൊണ്ടിരിക്കും. അപ്രതീക്ഷിതമായി രോഗിക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ, ബന്ധുക്കൾ അടുത്ത് ഇല്ലാത്ത അവസ്ഥയിൽ അടിയന്തര സഹായം വേണ്ടി വന്നാൽ ബാന്റിലെ അലേർട്ട് ബട്ടണിൽ അമർത്തിയാൽ ബന്ധപ്പെട്ട ഡോക്ടർക്ക് അലാറം ലഭിക്കും. പെട്ടന്നുതന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.

രോഗിയെ മാത്രമല്ല, ഡോക്ടർമാർ, മറ്റു ജീവക്കാർ എന്നിവരെയും ഈ സംവിധാനത്തിലൂടെ നിയന്ത്രിക്കാം. അതോടൊപ്പം ആശുപത്രിയെ പൂർണമായും നിരീക്ഷണ വിധേയമാക്കുന്ന മാപ്പിംഗ് സിസ്റ്റവും റാബിറ്റ് ആവിഷിക്കരിച്ചിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങളെ നിയറൽസ് ഡിവൈസുമായി ബന്ധിപ്പിച്ചാൽ ഓരോ ഉപകരണത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ആശുപത്രി അധികൃതർക്ക് ലഭിക്കും. ഉപകരണങ്ങൾ എപ്പോഴൊക്കെ പ്രവർത്തനക്ഷമമാകുന്നു. എന്തൊക്കെ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു, എത്രസമയം ഉപയോഗിക്കുന്നു, എന്തെങ്കിലും കേടുപാടുകളുണ്ടോ തുടങ്ങി വിവരങ്ങളും ഡിവൈസുവഴി ലഭിക്കും.

വൈ ഫൈ ബ്ലൂടൂത്ത് സംവിധാനത്തിലൂടെയാണ് ഡിവൈസുകൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്തുന്നത്. ഈ ഡിവൈസുകളെ ഇന്റർനെറ്റുവഴി സെർവറിലേക്ക് ബന്ധിപ്പിക്കും. ആശുപത്രിക്ക് സ്വന്തമായി സെർവർ ഇല്ലെങ്കിൽ കമ്പനിയുടെ സെർവർ ഉപയോഗിക്കാനുള്ള അവസരവും ആദ്യഘട്ടത്തിൽ കമ്പനി നൽകും. കമ്പനിയുടെ സെർവർ ആണെങ്കിലും മേൽനോട്ടവും നിയന്ത്രണവും പൂർണമായും ആശുപത്രിക്കു തന്നെയായിരിക്കും. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഒട്ടേറെ ആശുപത്രികൾ ഇതിനോടകം സേവനത്തിനായി റാബിറ്റ് ടെക്‌നോളജീസിനെ സമീപിച്ചുകഴിഞ്ഞു.

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. നാലു മാസത്തിനുള്ളിൽ ആശുപത്രിയിൽ പൂർണമായി നിയറൽസ് മാപ്പിംഗ് സിസ്റ്റം ഏർപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതിനായി രണ്ടായിരത്തോളം നിയറൽസ് ബാൻഡുകൾ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ രണ്ടു കോടിരൂപയുടെ ടേൺ ഓവറാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിലുള്ള ആശുപത്രികളുമായും ചർച്ചകൾ നടക്കുന്നുണ്ട്.

Rabit-Lab-big

ആശുപത്രികൾ മാത്രമല്ല വീട്ടിലെ ഓരോ ഉപകരണങ്ങളും ഇത്തരത്തിൽ സ്മാർട്ട് ആക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. നിയറൽസ് ഡിവൈസുമായി ബന്ധപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾ ഓഫ് ചെയ്യേണ്ട സമയം ആകുമ്പോൾ അലേർട്ട് നൽകും. ഉപകരണം ഓൺ ചെയ്തു ഓഫ് ആക്കുന്നതിനുവേണ്ടി അതിന്റെ അടുത്തുതന്നെ നിൽക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതുവഴി ഒഴിവാക്കാമെന്ന് റാബിറ്റ് സിഒഒ രാഹുൽ പറഞ്ഞു. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, എസി തുടങ്ങി എല്ലാത്തരം ഉപകരണങ്ങളും ഇതുവഴി നിയന്ത്രിക്കാനാകും. മാളുകൾ കേന്ദ്രീകരിച്ചും നിയറൽസിന്റെ സേവനം വ്യാപിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. മാളുകളിലെ വിവിധ ഷോപ്പുകളുടെ ഓഫറുകളും മറ്റു അപ്‌ഡേറ്റഡായ വിവരങ്ങളും അതാത് ഷോപ്പുകളുടെ മുന്നിലെത്തുന്ന ആളുകളുടെ സ്മാർട്ട്‌ഫോണിലേക്ക് മെസേജ് ലഭിക്കും വിധമാണ് കമ്പനി സേവനം ലഭ്യമാക്കുന്നത്. ഇതു സംബന്ധച്ച് കൊച്ചിയിലെ പ്രമുഖ മാളുകളുമായി ചർച്ചകൾ നടന്നുവരുകയാണ്.

എല്ലാ ഡിവൈസും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തോടെ 2014 ജൂലൈയിലാണ് റാബിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് നാലു യുവ സംരംഭകർ ചേർന്നു തുടക്കമിട്ടത്. വിവിധ കമ്പനികളിൽ പ്രവർത്തിച്ചിരുന്ന ഇവർ ഒരാശയത്തിനായി ഒരുമിച്ചു ചേരുകയായിരുന്നു. നല്ല ആശയത്തിനു സീഡ് ഫണ്ടായി സ്റ്റാർട്ടപ്പ് വില്ലേജ് നൽകുന്ന മൂന്നു ലക്ഷം രൂപയും വെബ്‌സൈറ്റുകൾ നിർമിച്ചു നൽകിയതിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചായിരുന്നു കമ്പനിയുടെ തുടക്കം.

കുസാറ്റിൽ നിന്നും ഇലക്‌ട്രോണിക്‌സ് പഠനം പൂർത്തിയാക്കിയ രാഹുൽ ആർ.എസ് ആണ് കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസർ. ഒറ്റപ്പാലം നെഹ്‌റു എൻജിനീയറിംഗ് കോളജിൽ നിന്നും കംപ്യൂട്ടർ സയൻസിൽ പഠനം പൂർത്തിയാക്കിയ സലിൻ സണ്ണിയാണ് സിഇഒ. ജോമോൻ ജോർജ് (സിടിഒ), വിന്റേഷ് സി.എൻ. (സിഐഒ) എന്നിവരാണ് മറ്റ് സാരഥികൾ.

ഫോൺ +919567303908 വെബ്‌സൈറ്റ് http://rabit.in/