അന്താരാഷ്ട്ര വനിതാദിനം മത്സ്യമേഖലയിലെ സ്ത്രീശക്തി : വിജയഗാഥയുമായി രാജിയും സ്മിജയും

Posted on: March 8, 2021

കൊച്ചി : മത്സ്യമേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് രാജി ജോര്‍ജും സ്മിജ എം ബിയും. മത്സ്യകൃഷി ഉള്‍പെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയില്‍ സ്വയം സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികള്‍ക്കൊപ്പം മാനേജ്‌മെന്റ് വൈദഗ്ധ്യവും പുറത്തെടുത്ത് കരുത്ത് തെളിയിച്ച് രണ്ടുപേരെയും അന്താരാഷ്ട്ര വനിതാദിനത്തില്‍ നാളെ (തിങ്കള്‍) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിക്കും.

മീന്‍-പച്ചക്കറി കൃഷികള്‍, കോഴി-താറാവ്-കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനിയായ രാജി ജോര്‍ജ് സംരംഭകയായി മികവ് തെളിയിച്ചത്. സിഎംഎഫ്ആര്‍ഐയുടെയും എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പരിശീലനത്തിന് ശേഷം 60 അടിയോളം താഴചയുള്ള കരിങ്കല്‍ ക്വാറിയില്‍ മീന്‍ വളര്‍ത്തല്‍ യൂണിറ്റായ ‘അന്നാ അക്വാ ഫാം’ സ്ഥാപിച്ചാണ് രാജിയുടെ സംരംഭകത്വ ശ്രമങ്ങളുടെ തുടക്കം. തിലാപിയ, വാള, കട്ല, രോഹു, മൃഗാള്‍ തുടങ്ങിയ മീനുകള്‍ എട്ട് കൂടുകളിലായാണ് അന്നാ അക്വാഫാമില്‍ കൃഷി ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമാണ് മീനുകള്‍ വിപണനം നടത്തുന്നത്.

‘അന്നാ അഗ്രോ ഫാം’ എന്ന് നാമകരണം ചെയ്ത പച്ചക്കറി തോട്ടത്തില്‍ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍, കോളിഫ്ളവര്‍, കാബേജ്, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷി. മുന്നോറോളം കോഴിയും അത്രതന്നെ കാടയും കൂടാതെ താറാവ് പശു, ആട് എന്നിവയെയും രാജി ജോര്‍ജ് വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തുന്നുണ്ട്. സുസ്ഥിര കൃഷിരീതിയിലൂടെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി സ്ത്രീശക്തി തെളയിച്ചതിനാണ് രാജി ജോര്‍ജിന് സിഎംഎഫ്ആര്‍ഐയുടെ അംഗീകാരം ലഭിക്കുന്നത്.

കൂടുമത്സ്യകൃഷിയിലൂടെ വിജയകരമായ കരിയര്‍ കണ്ടെത്തുകയും നാട്ടുകാര്‍ക്കിടയില്‍ കൂടുകൃഷിയുടെ പ്രചാരകയായി മാറുകയും ചെയ്തതിനാണ് എഞ്ചിനീയര്‍ കൂടിയായ മൂത്തകുന്നം സ്വദേശിനി സ്മിജ എം ബിക്ക് ആദരം. പെരിയാറിലാണ് കൂടുകൃഷി നടത്തുന്നത്. പെരിയാര്‍ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയം സഹായക സംഘത്തിന് നേതൃത്വം നല്‍കുന്നതും സ്മിജയാണ്.

സിഎംഎഫ്ആര്‍ഐയുടെ പരിശീലനം നേടിയാണ് സ്മിജ കൂടുമത്സ്യകൃഷി ആരംഭിക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ധാരാളം കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുമത്സ്യകൃഷി വിപുലമാക്കാന്‍ സ്മിജയുടെ നേതൃപാടവത്തിനായി. നിരവധി കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കഴിയുംവിധം 60 ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ സ്മിജയുടെ നേതൃത്വത്തില്‍ പെരിയാറില്‍ നടന്നുവരുന്നുണ്ട്. കൂടുകൃഷിയില്‍ പങ്കാളിയാകുന്നതിനൊപ്പം മറ്റുളളവരെ പരിശീലിപ്പിക്കാനും സ്മിജ സമയം കണ്ടെത്തുന്നു.

സിഎംഎഫ്ആര്‍ഐയിലെ വിമന്‍ സെല്ലാണ് ഇരുവരെയും ആദരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ ഇരുവര്‍ക്കും അംഗീകാരപത്രവും ഉപഹാരവും നല്‍കി ആദരിക്കും. നടി സുബി സുരേഷ് മുഖ്യാതിഥിയാകും. ഡോ മിറിയം പോള്‍ ശ്രീറാം, ഡോ സന്ധ്യ സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും.