റെജി ജോസഫിന് രാംചന്ദ്ര പാസ്വാൻ പുരസ്‌കാരം

Posted on: January 22, 2020

കോഴിക്കോട് : കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരനും എംപിയുമായിരുന്ന രാംചന്ദ്ര പാസ്വാന്റെ സ്മരണാർത്ഥം ലോക ജൻശക്തി പാർട്ടി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനെ തെരഞ്ഞെടുത്തു. 10,001 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കോഴിക്കോട് കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ രാംചന്ദ്ര പാസ്വാന്റെ മകനും സമസ്തിപൂർ എംപിയുമായ പ്രിൻസ് രാജ് സമ്മാനിച്ചു.

ദീപികയിൽ 2019 ജൂലൈ രണ്ടു മുതൽ നാല് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ എന്ന പരമ്പരയാണ് റെജി ജോസഫിനെ അവാർഡിന് അർഹനാക്കിയത്. കമാൽ വരദൂർ, പി.വി. കുട്ടൻ, വി. ഇ. ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്.

പത്രപ്രവർത്തനരംഗത്ത് ദേശീയ- അന്തർദേശീയ തലങ്ങളിൽ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പടെ റെജിക്ക് ലഭിക്കുന്ന 83 ാമത്തെ അംഗീകാരമാണിത്. കോട്ടയം ജില്ലയിലെ പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ് ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).