റെജി ജോസഫിന് കേരളീയം വി.കെ. മാധവൻകുട്ടി മാധ്യമ പുരസ്‌കാരം

Posted on: December 24, 2019

ന്യൂഡൽഹി : ദീപിക കോട്ടയം ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ റെജി ജോസഫിന് കേരളീയം വി.കെ. മാധവൻകുട്ടി മാധ്യമ അവാർഡ്. 30001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സമ്മാനിക്കും. കേരളത്തിനു പുറത്തു വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട തോട്ടങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ ഒട്ടേറെ സ്വത്തുവകകൾ നഷ്ടപ്പെടുന്നതു സംബന്ധിച്ച് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം എന്ന ലേഖനപരമ്പരയ്ക്കാണ് അവാർഡ്.

പത്രപ്രവർത്തനരംഗത്ത് ദേശീയ- അന്തർദേശീയ തലങ്ങളിൽ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പടെ റെജിക്ക് ലഭിക്കുന്ന 82 ാമത്തെ അംഗീകാരമാണിത്. കോട്ടയം ജില്ലയിലെ പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ് ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസൻ, മുൻ മീഡിയ അക്കാഡമി ചെയർമാൻ എസ്.ആർ. ശക്തിധരൻ, മാധ്യമം/ മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, പി.ആർ. ശാരദ (ദൂരദർശൻ), രാജ് ഭവൻ പിആർഒ എസ് ഡി പ്രിൻസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ദൃശ്യമാധ്യമ വിഭാഗത്തിൽ മനോരമന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് എസ്. മഹേഷ് കുമാർ അർഹനായി. അച്ചടി മാധ്യമത്തിൽ മാതൃഭൂമി സബ് എഡിറ്റർ നീലിമ അത്തോളി പ്രത്യേക പരാമർശത്തിന് അർഹയായി.