റെജി ജോസഫിന് കെ എം അഹമ്മദ് അവാർഡ്

Posted on: December 17, 2019

കാസർഗോഡ് : ദീപിക കോട്ടയം ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ റെജി ജോസഫിന് കാസർഗോഡ് പ്രസ് ക്ലബിന്റെ മുൻ പ്രസിഡണ്ടായിരുന്ന കെ എം അഹമ്മദിന്റെ പേരിൽ കാസർഗോഡ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ അവാർഡ്. കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിനാണ് അവാർഡിനായി പരിഗണിച്ചത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. പത്രപ്രവർത്തനരംഗത്ത് ദേശീയ- അന്തർദേശീയ തലങ്ങളിൽ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പടെ റെജിക്ക് ലഭിക്കുന്ന 81 ാമത്തെ അംഗീകാരമാണിത്.

അവാർഡ് ഡിസംബർ 20 ന് ഉച്ചയ്ക്ക് 2 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കാസർഗോഡ്് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു സമ്മാനിക്കും. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും.

സി പി സി ആർ ഐ പ്രിൻസിപ്പൽ സയിൻറിസ്റ്റുമാരായ ഡോ. സി തമ്പാൻ, ഡോ. ചന്ദ്രൻ കെ പി, മാധ്യമ പ്രവർത്തകൻ സണ്ണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

കോട്ടയം ജില്ലയിലെ പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ് ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).