ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന്റെ ഓഹരിമൂല്യം 80,000 കോടിയെന്ന് ടാറ്റാ

Posted on: December 10, 2020

മുംബൈ: ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് (എസ്.പി. ഗ്രൂപ്പ്) ടാറ്റയിലുള്ള ഓഹരികളുടെ മൂല്യം 80,000 കോടി രൂപവരെയെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാ ഗ്രൂപ്പില്‍ 18.37 ശതമാനം ഓഹരികളാണ് എസ്.പി. ഗ്രൂപ്പിനുള്ളത്. ഈ ഓഹരികള്‍ തിരിച്ചു നല്‍കാമെന്നും ഇതിന്റെ മൂല്യം 1.75 ലക്ഷം കോടി രൂപ വരുമെന്നും എസ്.പി. ഗ്രൂപ്പ് മൂന്നുമാസം മുമ്പ് പറഞ്ഞിരുന്നു.

സൈറസ് മിസ്ത്രിയുടെ കുടുംബത്തിന് ടാറ്റാ ഗ്രൂപ്പിലുള്ള ഓഹരികളുടെ മൂല്യം 70,000 മുതല്‍ 80,000 വരെ കോടി രൂപയാണെന്ന് ടാറ്റാ സണ്‍സിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയെ അറിയിച്ചത്. കേസില്‍ ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും. രത്തന്‍ ടാറ്റായുടെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പ് അദ്ഭുതാവഹമായ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. 1991 മുതല്‍ 2012 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 500 മടങ്ങ് വര്‍ധനയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ചയുടെ പാതയില്‍ ചില പദ്ധതികള്‍ വലിയ വിജയം കൈവരിച്ചേക്കാം. അതുപോലെ ചിലത് പരാജയപ്പെടാനും സാധ്യതയുണ്ട്.

രത്തന്‍ ടാറ്റായുടെ നേതൃത്വത്തില്‍ ടാറ്റായുടെ കീഴിലുള്ള പല കമ്പനികളും നഷ്ടത്തിലായിരുന്നുവെന്ന് മിസ്ത്രിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് വിശദീകരണം.