രാജ്യാന്തര ഫാഷന്‍ ബ്രാന്‍ഡ് ദെസിഗുവലിനെ ടേബ്ള്‍സ് ഇന്ത്യയിത്തിക്കുന്നു

Posted on: December 4, 2019

കൊച്ചി: മുന്‍നിര ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ ഗ്രൂപ്പായ ടേബ്ള്‍സ് ലോകപ്രശസ്ത സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡ് ദെസിഗുവലിനെ ഇന്ത്യയിലെത്തിക്കുന്നു. വേറിട്ട ഡിസൈന്‍, സവിശേഷ മൂല്യം എന്നിവ കൊണ്ട് ഫാഷന്‍പ്രേമികളുടെ മനം കവര്‍ന്ന ദെസിഗുവല്‍ ഉല്‍പ്പന്നങ്ങള്‍ ആദ്യ ഘട്ടത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ മിന്ത്ര വഴിയാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക.

വിവിധ മെട്രോ നഗരങ്ങളിലായി ആറു സ്റ്റോറുകളും ഉടന്‍ തുറക്കും. രണ്ടാം ഘട്ടത്തില്‍ ചെറു പട്ടണങ്ങളിലും ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിക്കാനാണു പദ്ധതിയെന്ന് ടേബ്ള്‍സ് അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രശ്രേണികള്‍ക്കു പുറമെ അസസറീസ്, ഷൂസ്, സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയും ദെസിഗുവലിനുണ്ട്.

‘രാജ്യാന്തര ഫാഷന്‍ ബ്രാന്‍ഡായ ദെസിഗുവലിനെ ഇന്ത്യയിലെത്തിക്കുന്നതില്‍ ടേബ്ള്‍സിന് അതിയായ സന്തോഷമുണ്ട്. ദെസിഗുവലിന്റെ നിറപ്പകിട്ടാര്‍ന്ന ഡിസൈനുകള്‍ക്കും മികവുറ്റ ഉല്‍പ്പങ്ങള്‍ക്കും ഇന്ത്യന്‍ പിപണിയില്‍ വലിയ സാധ്യതയുണ്ട്. ആഗോളത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും കണ്ടംപററിയുമായ ഫാഷന്‍ ട്രെന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനായാസം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പന സഹായിക്കും.

2020 ആദ്യ പാദത്തില്‍ തന്നെ ദെസിഗുവലിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കും,’ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. ദെസിഗുവലിന്റെ മൂല്യങ്ങളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യന്‍ വിപണിയെന്നും യുവത്വം നിറഞ്ഞ ഈ വിപണി വലിയ വളര്‍ച്ചാ സാധ്യതയാണ് തുറന്നിടുന്നതെന്നും ദെസിഗുവല്‍ വൈസ് പ്രസിഡന്റ് ഓര്‍ദി ബാല്‍സെയ്‌സ് പറഞ്ഞു.

ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ രംഗത്ത് മുന്‍നിരയിലുള്ള ടേബ്ള്‍സ് സ്പ്രിങ്ഫീല്‍ഡ്, വിമന്‍സ് സീക്രട്ട്, ടോയ്‌സ്ആര്‍യൂസ്, ബേബീസ്ആര്‍യൂസ്, ബില്‍ഡ് എ ബിയര്‍, ഗോ സ്‌പോര്‍ട്ട്, യൊയോസൊ തുടങ്ങിയ ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ടോയ്‌സ്, സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 70ലേറെ ഔട്ട്‌ലെറ്റുകളുള്ള ടേബ്ള്‍സ് 2020ഓടെ ഇത് 300 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

1984ല്‍ ബാഴ്‌സിലോണയില്‍ ആരംഭിച്ച ദെസിഗുവല്‍ ഫാഷന്‍ വസ്ത്ര വ്യാപാര, ഡിസൈന്‍ രംഗത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ മുന്‍നിര ബ്രാന്‍ഡ് ആണ്. 90 രാജ്യങ്ങളിലായി 500ലേറെ ബ്രാന്‍ഡഡ് സ്റ്റോറുകള്‍ ദെസിഗുവലിനുണ്ട്.

TAGS: DESIGUAL | Tablez |