അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി

Posted on: May 3, 2020

കൊച്ചി : യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി അദീബ് അഹമ്മദിനെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ബോർഡിലെ ട്രസ്റ്റിയായി നിയമിച്ചു. രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി ബിനാലെ ആരംഭിക്കാൻ ഏഴ് മാസങ്ങൾ അവശേഷിക്കെയാണ് പുതിയ നിയമനം.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ടേബിൾസ്, ഹോസ്പിറ്റാലിറ്റി നിക്ഷേപക സ്ഥാപനമായ ട്വൻറിഫോർ ഹോൾഡിംഗ്‌സ് എന്നിവയുടെ ചെയർമാനാണ് തൃശൂർ സ്വദേശിയായ അദീബ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സൗത്ത് ഏഷ്യ റീജണൽ സ്ട്രാറ്റജിയുടെ ഉപദേശക സമിതി അംഗവുമാണ് അദീബ് അഹമ്മദ്. വിദ്യാഭ്യാസ വയോജനക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാരമായി സഹായം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. 14 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ വ്യവസായ സാമ്രാജ്യമുള്ള അദ്ദേഹം യുഎഇയിലെ പ്രമുഖരായ 100 ഇന്ത്യാക്കാരുടെ പട്ടികയിൽ സ്ഥിരം ഇടംപിടിച്ചിട്ടുണ്ട്.

ഒരു ആഗോള വ്യവസായിയുടെ ആശയങ്ങളും അനുഭവസമ്പത്തുമാണ് അദീബിന്റെ വരവോടെ ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാ-സാംസ്‌ക്കാരിക മേഖലയിൽ പ്രത്യേക താത്പര്യമുള്ള വ്യക്തിയാണദ്ദേഹമെന്നും ബോസ് പറഞ്ഞു.

സാംസ്‌ക്കാരിക ഭൂപടത്തിലേക്ക് യുവ വ്യവസായികൾ എത്തേണ്ടത് പ്രധാനമാണ്. അദീബ് അഹമ്മദിനെപ്പോലുള്ള വ്യക്തി ബിനാലെ ബോർഡ് ട്രസ്റ്റിയായി എത്തിയതിൽ ആഹ്ലാദമുണ്ടെന്നും ബോസ് കൂട്ടിച്ചേർത്തു.

കേരളത്തിൻറെ സാംസ്‌ക്കാരിക അമ്പാസഡറാണ് കൊച്ചി ബിനാലെയെന്ന് അദീബ് അഹമ്മദ് പറഞ്ഞു. കലയ്ക്കു പുറമെ സേവന മേഖലയിലും അനവധി അവസരങ്ങൾ ബിനാലെ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.