ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാൻ ലക്ഷ്യമിട്ട് ആഗോള ആയുര്‍വേദ ഉച്ചകോടി

Posted on: October 28, 2019

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി  30, 31 തീയ്യതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് വകുപ്പു സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീപദ് യശോ നായിക് സമാപന പ്രസംഗം നടത്തും.

ബ്രാൻഡിംഗ്, സ്റ്റാർട്ടപ്പുകൾ, നവീന ആശയങ്ങള്‍ തുടങ്ങിയവയിലൂടെ ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ശില്‍പശാല, വിവിധ മേഖലകളിലുള്ളവര്‍ക്ക് ആശയ വിനിമയത്തിനുള്ള അവസരം, സ്റ്റാർട്ടപ്പുകൾക്കായുള്ള മത്സരം, ബിസിനസ് ടു ബിസിനസ് മീറ്റ് തുടങ്ങിയവയായിരിക്കും ആയുര്‍വേദ ഉച്ചകോടിയിലെ മുഖ്യ ഇനങ്ങള്‍. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ഞൂറിലേറെ വിദഗ്ദ്ധരും വ്യാവസായിക നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും. ആയുര്‍വേദ, അനുബന്ധ മേഖലകളിലുള്ളവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനുള്ള മികച്ചൊരു അവസരം കൂടിയായിരിക്കും ഇതോടൊപ്പം നടക്കുന്ന ബിസിനസ് മീറ്റുകള്‍ നല്‍കുക. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ആയുര്‍വേദ ഉല്‍പന്ന വിതരണക്കാര്‍ക്കു പുറമെ 30 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ആയുര്‍വേദ ടൂര്‍ ഓപറേറ്റര്‍മാര്‍ ഉച്ചകോടിയിലെ ബിസിനസ് മീറ്റുകളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്റ്റാർട്ടപ്പുകൾക്കായുള്ള മത്സരരമായ ആയുര്‍സ്റ്റാര്‍ട്ട് ഉച്ചകോടിയിലെ ശ്രദ്ധേയമായ ഒരിനമാണ്. അന്താരാഷ്ട്ര ശില്‍പശാല, പ്രദര്‍ശനം, അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബിസിനസ് മീറ്റുകള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

സ്റ്റാർട്ടപ്പുകൾക്ക് ആയുര്‍വേദത്തിലുള്ള അവസരങ്ങള്‍, ആയുര്‍വേദത്തിനായുള്ള സാമ്പത്തിക സ്രോതസുകളും പദ്ധതികളും, പാക്കേജിങുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍, വിപണനവും ദേശീയ അന്തര്‍ദേശീയ തലത്തിലെ ബ്രാൻഡിംഗും, ആയുര്‍വേദത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത, ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടല്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ദേശീയ ഔഷധ സസ്യ ബോര്‍ഡ് സിഇഒ പ്രഫ. തനൂജ മനോജ് നെസാരി, ആയുഷ് വകുപ്പ് ജോയിന്റ് അഡൈ്വസര്‍ ഡോ എ രഘു, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാല കിരണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സീനിയര്‍ ഫാക്കല്‍റ്റി ഡോ ത്രിധ ഗജ്ജാര്‍, ആമസോണ്‍ ഇന്ത്യയുടെ ആഗോള വില്‍പന വിഭാഗം മേധാവി രചിത് ജെയിന്‍, ബ്രാന്‍ഡ് ബില്‍ഡിങ് ഡോട്ട്കോം സ്ഥാപകന്‍ അംബി പരമേശ്വരന്‍, ഇന്തോ സ്വിസ് ആയുര്‍വേദ ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് ഡോ സൈമണ്‍ ഹന്‍സികെര്‍, അയുര്‍വേദിക് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഓഫ് സിംഗപൂര്‍ അഡൈ്വസര്‍ ഡോ രവീന്ദ്രനാഥന്‍ ഇന്ദുശേഖര്‍, ലോകാരോഗ്യ സംഘടനയിലെ ആയുഷ് വിദഗ്ദ്ധ ഡോ ജി ഗീതാ കൃഷ്ണന്‍, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ ശ്യാമളാ ദേവി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ ജോളിക്കുട്ടി ഈപ്പന്‍, ദേശീയ സ്‌ക്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ സിഇഒ ആശിഷ് ജെയിന്‍, ആര്യ വൈദ്യ ശാല ഫാര്‍മസി ചെയര്‍മാന്‍ ഡോ പി ആര്‍ കൃഷ്ണകുമാര്‍, ചലച്ചിത്ര താരം ലാലു അലക്സ് തുടങ്ങിയവര്‍ ആയുര്‍വേദ ഉച്ചകോടിയില്‍ പങ്കെടുക്കും.