നിര്‍മല കോളേജില്‍ എച്ച്. ആര്‍. കോണ്‍ഫറന്‍സ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു

Posted on: March 4, 2024

മൂവാറ്റുപുഴ: നിര്‍മല കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റും സംയുക്തമായി നടത്തിയ എച്ച്. ആര്‍. കോണ്‍ഫറന്‍സ് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ ഏതൊരു സംരംഭവും വിജയിപ്പിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

കോതമംഗലം രൂപത മുന്‍മേലധ്യക്ഷന്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രഷ് ടു ഹോം മാനേജിംഗ് ഡയറക്ടര്‍ മാത്യു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സണ്‍ റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ് സംരഭ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള എച്ച്.ആര്‍. മേധാവികള്‍ സംസാരിച്ചു. ഉന്നത വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും സ്ഥാപനമേധാവികളും വ്യവസായ സംരംഭകരും പരിപാടിയില്‍ പങ്കാളികളായി.

മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും വ്യക്തി മുദ്രപതിപ്പിച്ച ഡെന്റ് കേയര്‍ ഡെന്റല്‍ ലാബ്, അന്ന കിറ്റക്‌സ്, മെട്രോള സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ജീവ എലിക്‌സീയര്‍, ജീവ മില്‍ക്‌സ്, പാറയില്‍ ഫുഡ് പ്രൊഡക്റ്റ്, ഗ്രാന്റ്മാസ്, നോയല്‍ ഫുഡ് പ്രൊഡക്റ്റ്, മലനാട് പാഷന്‍ ഫ്രൂട്ട്‌സ് ജൂസ്, ലൂണാര്‍ റബര്‍ പ്രൈവറ്റ് ലിമിറ്റഡ്, ബ്ലൊസം ഇന്നര്‍വെയര്‍, വിന്റേജ് വീല്‍സ്, മറ്റു വ്യവസായ പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്‌മെന്റ് കേരളചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. ജെ. ഇമ്മാനുവല്‍, ബര്‍സാര്‍ റവ. ഡോ. ജസ്റ്റിന്‍ കണ്ണാടന്‍, സെല്‍ഫ് ഫിനാന്‍സിങ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. സജി ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡിന്ന ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.