കുടുംബശ്രീകളുടെ എല്‍ഇഡി നക്ഷത്രങ്ങള്‍

Posted on: November 8, 2022

കൊച്ചി : ക്രിസ്മസ് രാവിനെ പ്രകാശപൂരിതമാക്കാന്‍ കുടുംബശ്രീകളുടെ എല്‍ഇഡി നക്ഷത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്ത് 10-ാംവാര്‍ഡിലെ കുടുംബശ്രീകളാണ് ക്രിസ്മസ് വിപണിയിലേക്ക് എല്‍ഇഡി നക്ഷത്രങ്ങള്‍ തയ്യാറാക്കുന്നത്. പഞ്ചായത്തിലെ വിവിധകുടുംബശ്രീ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ണന്‍ ചേരിമുകളിലെ സാംസ്‌കാരികനിലയത്തിലാണ് കുടുംബശ്രീവനിതകള്‍ നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നത്.

10-ാംവാര്‍ഡിലെ 10 കുടുംബശ്രീകളും അഞ്ച് വാര്‍ഡുകളിലെ ഏതാനും കുടുംബശ്രീകളും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. ഒരുവ്യക്തിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തിലാണ് നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നത്, അസംസ്‌കൃതവസ്തുക്കള്‍ കുടുംബശ്രീകള്‍ക്ക് കൈമാറും. നക്ഷത്രം തയ്യാറാക്കി നല്‍കുമ്പോള്‍ നിശ്ചിതതുക പ്രതിഫലമായി ലഭിക്കും.

2021 ഒക്ടോബറിലാണ് ആദ്യമായി നക്ഷത്രനിര്‍മാണം തുടങ്ങിയത്. അന്ന് 50 പേരാണ് രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ 150 പേര്‍ രംഗത്തുണ്ട്.
ഓക്ടോബര്‍ 16ന് ആരംഭിച്ച നക്ഷത്രനിര്‍മാണം ഡിസംബര്‍15ന് പൂര്‍ത്തിയാക്കും. ഇതുവരെ ഒരു അരലക്ഷം നക്ഷത്രങ്ങള്‍നിര്‍മിച്ചു. ഇതിലൂടെ മോശമല്ലാത്ത വരുമാനം ഓരോരുത്തര്‍
ക്കും ലഭിക്കും.

ക്രിസ്മസ് സീസണ്‍ അവസാനിച്ചാലും ഇവര്‍ വെറുതെയിരിക്കില്ല. എല്‍ഇഡി ബള്‍ബുകളുടെ ബോര്‍ഡ് നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ സ്വീകരിച്ച് സംരംഭം തുടരാനാണ് തീരുമാനമെന്ന് വാര്‍ഡ് അംഗം പി എസ് സുനിത്, കുടുംബശ്രീ എഡിഎസ്പ്രസിഡന്റ് റെജി ഷിജുകുമാര്‍ എന്നിവര്‍ പറഞ്ഞു.

 

TAGS: Kudumbasree |