ഇന്റലിന്റെ ഡിജിറ്റൽ ഇന്ത്യ ചലഞ്ചിന് തുടക്കമായി

Posted on: April 26, 2015

Intel-Innovate-for-Digital-

കൊച്ചി : ഇന്റലും ശാസ്ത്ര – സാങ്കേതിക ശാസ്ത്ര വകുപ്പും സംയുക്തമായി ആവിഷ്‌കരിച്ച ഇന്നൊവേറ്റ് ഫോർ ഡിജിറ്റൽ ഇന്ത്യ ചലഞ്ചിന് തുടക്കമായി. ശാസ്ത്ര – സാങ്കേതിക ശാസ്ത്ര വകുപ്പ് രൂപകൽപന ചെയ്ത ചലഞ്ചിന് MyGov.in, ഡിപ്പാർട്ട്്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയുടെ പിന്തുണ ഉണ്ട്. ഐഐഎം അഹമ്മദാബാദിലെ ഇന്നൊവേഷൻ ഇൻകുബേഷൻ, എന്റർപ്രണർഷിപ് സെന്ററിനാണ് നടത്തിപ്പു ചുമതല. കേന്ദ്ര വാർത്താവിനിമയ-വിവര സാങ്കേതികവിദ്യ മന്ത്രി രവിശങ്കർ പ്രസാദ് ഡിജിറ്റൽ ഇന്ത്യ ചലഞ്ച് ഉദ്ഘാടനം ചെയ്തു.

നാഷണൽ സയൻസ് ആൻഡ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ബോർഡ് മെമ്പർ സെക്രട്ടറി എച്ച് കെ മിത്തൽ, ഡിപ്പാർട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി ആർ എസ് ശർമ, MyGov.in സിഇഒ ഗൗരവ് ദ്വിവേദി, സെന്റർ ഫോർ ഇന്നൊവേഷൻ ഇൻകുബേഷൻ ചെയർപേഴ്‌സൺ രാകേഷ് ബസന്ത്, ഇന്റൽ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ ദേബ്ജനി ഘോഷ് എന്നിവർ പങ്കെടുത്തു.

സ്വകാര്യ പൊതുമേഖല സംയുക്ത സംരംഭങ്ങൾക്ക് മികച്ച മാതൃകയാണെന്ന് ഡിജിറ്റൽ ഇന്ത്യ ചലഞ്ചെന്ന് കേന്ദ്ര ശാസ്ത്ര – സാങ്കേതിക ശാസ്ത്ര മന്ത്രി ഹർഷവർധൻ അഭിപ്രായപ്പെട്ടു.

സംരംഭകർ, നൂതന കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ, ഡിസൈനർമാർ, എൻജിനീയർമാർ, സ്റ്റാർട്ട് അപ്‌സ് നിർമാതാക്കൾ തുടങ്ങി വിവിധ തലങ്ങളിലുള്ളവർക്ക് ഡിജിറ്റൽ ഇന്ത്യാ ചലഞ്ചിൽ പങ്കെടുക്കാം.

ഏപ്രിൽ മുതൽ 2016 ജനുവരിയാണ് സമയപരിധി. പങ്കെടുക്കുന്നവർക്ക് അതത് മേഖലകളിലെ പ്രമുഖരുടെ മാർഗനിർദ്ദേശവും ലഭിക്കും. ഒന്നരക്കോടി രൂപയുടെ ഗ്രാന്റ് ആണ് പരിപാടിക്കുള്ളത് ആദ്യ മൂന്ന് റാങ്കിലെത്തുന്നവർക്ക് 20 ലക്ഷം രൂപാ വീതമുള്ള സീഡ്ഫണ്ടും ലഭിക്കും.