ക്വാൽകോം ഇന്ത്യയിൽ 1,000 കോടി നിക്ഷേപിക്കും

Posted on: September 28, 2015

Qualcomm-Big

സാൻജോസ് : ചിപ് നിർമാണക്കമ്പനിയായ ക്വാൽകോം ഇന്ത്യയിൽ 150 മില്യൺ ഡോളർ (1000 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. സിലിക്കൺവാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ക്വാൽകോം ചെയർമാൻ പോൾ ജേക്കബ്‌സ് നിക്ഷേപ സന്നദ്ധത പ്രകടിപ്പിച്ചത്. സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലറ്റുകൾക്കും ആവശ്യമായ സോഫ്റ്റ് വേറുകളും ചിപ്പുകളുമാണ് ക്വാൽകോമിന്റെ ഉത്പന്നങ്ങൾ. പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളെല്ലാം ക്വാൽകോമിന്റെ സ്‌നാപ് ഡ്രാഗൺ പ്രോസസർ ഉപയോഗിക്കുന്നുണ്ട്.

2008 മുതൽ ക്വാൽകോം ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പദ്ധതികളെ ക്വാൽകോം പിന്തുണയ്ക്കും സബ്‌സിഡയറിയായ ക്വാൽകോം വെഞ്ചേഴ്‌സ് മുഖേനയാണ് നിക്ഷേപം നടത്തുന്നത്. മൊബൈൽ, ഇന്റർനെറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്പ്പ് സംരംഭങ്ങളിലായിരിക്കും മുതൽമുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിനെയും പ്രധാനമന്ത്രി ക്ഷണിച്ചു. എന്നാൽ ആപ്പിൾ സിഇഒ ടിം കുക്ക് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ 500 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യമൊരുക്കാൻ ഗൂഗിൾ മുന്നോട്ടുവന്നിട്ടുണ്ട്. അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ ചെലവുകുറഞ്ഞ ബ്രോഡ്ബാൻഡ് എത്തിക്കാൻ സഹായിക്കാമെന്ന് മൈക്രോസോഫ്റ്റും വ്യക്തമാക്കി.