ഡൊമസ്റ്റിക് ടെർമിനൽ മാറ്റത്തിനെതിരെ പ്രക്ഷോഭം

Posted on: April 19, 2015

Trivandrum-Airport-Domestic

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനൽ ശംഖുമുഖത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ തീരദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. തീരദേശവികസനം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് ആക്ഷൻകൗൺസിൽ മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര ടെർമിനൽ ചാക്കയിലേക്ക് മാറ്റിയഘട്ടത്തിൽ ആഭ്യന്തരടെർമിനൽ ശംഖുമുഖത്ത് നിലനിർത്തുമെന്ന് ഉറപ്പുനൽകിയിരുന്നതാണ്. ടെർമിനലുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തുന്ന നൂറുകണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യംനേടിയെടുക്കുന്നതിലേക്കായി തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര ചെയർമാനും വലിയതുറ ഫൊറോന വികാരി ഫാ. സൈറസ് ബി കളത്തിൽ ചെയർമാനും വള്ളക്കടവ് ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി ജനറൽ കൺവീനറുമായി ജനകീയസമിതി രൂപീകരിച്ചു.

ഡിസിസി ജനറൽസെക്രട്ടറി ജോൺ വിനേഷ്യസ്, കൗൺസിലർമാരായ ടോണി ഒളിവർ, പെട്രീഷ്യ, ഫാ. ജോസഫ് പ്രസാദ്, ജെയിംസ് ഫെർണാണ്ടസ്, പേട്രിക് പെരേര, സോളമൻ വെട്ടുകാട്, എ.കെ. സലീം, വി.സി. ദാസ്, മെൽവിൻ വിനോദ്, അഡ്വ. ജെയിംസ് ഫെർണാണ്ടസ്, അഡ്വ. മേരി വിജി, എം. പോൾ മാർഷൽ തുടങ്ങിയവർ പ്രസംഗിച്ചു.