ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നില്‍ ടിസിഎസ

Posted on: June 3, 2023


കൊച്ചി : ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതെത്തി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). പ്രമുഖ ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡിന്റെ കണക്കനുസരിച്ച് 1,09 ലക്ഷം കോടി രൂപയുടെ ബ്രാന്‍ഡ് മുല്യവുമായാണ് 2023ലെ ഏറ്റവും മൂല്യ
മേറിയ 50 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ടിസിഎസ് ഒന്നാമതെത്തിയത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് 65,320കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ തന്നെ ടെലികോം, ഡിജിറ്റല്‍ കമ്പനിയായ ജിയോയും 49,027 കോടിയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തുണ്ട്.

53,323 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഐടി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്താണ്. എച്ച്ഡിഎഫ്‌സിയാണ് നാലാം സ്ഥാനത്ത്. എയര്‍ടെല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി), മഹിന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐസിഐ എന്നിവയാണ് പട്ടികയിലെ മറ്റ് ബ്രാന്‍ഡുകള്‍.

പട്ടികയിലെ 50 കമ്പനികളുടെയും മൊത്തം മൂല്യം നോക്കിയാല്‍ ഇത് 8.3ലക്ഷം കോടി രൂപ (100 ബില്യണ്‍ യുഎസ് ഡോളര്‍) വരുമെന്ന് ഇന്റര്‍ബ്രാന്‍ഡിന്റെ കണക്കുകള്‍ പറയുന്നു. മികച്ച പത്ത് ബ്രാന്‍ഡുകളുടെ മൊത്തം ബ്രാന്‍ഡ് മൂല്യം മാത്രം 49 ലക്ഷം കോടി രൂപ വരും. ശേഷിക്കുന്ന 40 ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യം 3.3 ലക്ഷം കോടി രൂപയും.

കഴിഞ്ഞ പത്ത് വര്‍ഷമായി അതിവേഗം വളരുന്ന മേഖലകള്‍ പരിശോധിച്ചാല്‍ വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍(എഫ്എംസിജി) 25 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. പിന്നാലെ ഭവന നിര്‍മാണവും അടിസ്ഥാന സൗകര്യ വികസനവും 17 ശതമാനവും, സാങ്കേതികവിദ്യ14 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

TAGS: TCS |