വ്യവസായ മേഖലയ്ക്കായുള്ള ശേഷി വികസന പരിപാടികള്‍ക്കായി ടിസിഎസ് ഐഓണ്‍-എന്‍ടിടിഎഫ് സഹകരണം

Posted on: February 19, 2022

കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സ്ട്രാറ്റജിക് വിഭാഗമായ ടിസിഎസ് ഐഓണ്‍ നെട്ടുര്‍ ടെക്‌നികല്‍ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എന്‍ടിടിഎഫ്) സഹകരിച്ച് റോബോട്ടിക്, ഓട്ടോമേഷന്‍, നിര്‍മാണം, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ വന്‍ തോതില്‍ ഡിമാന്റ് ഉള്ള ശേഷി വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കും.

രാജ്യത്തെ 60,000-ത്തില്‍ ഏറെ യുവാക്കളുടെ ശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മൂന്നു ഡിപ്ലോമ കോഴ്‌സുകളും 12 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമായിരിക്കും ആരംഭിക്കുക. ഇപ്പോഴത്തേയും ഭാവിയിലേയും വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്കായി തൊഴില്‍ ചെയ്യുവാന്‍ ശേഷിയുള്ള രീതിയില്‍ യുവാക്കളെ തയ്യാറാക്കുകയാണ് ഈ കോഴ്‌സുകളുടെ ലക്ഷ്യം.

അടുത്ത കാലത്തെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടേയും വ്യവസായങ്ങളുടെ മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ടിസിഎസ് ഐഓണിന്റെ കോഴ്‌സുകള്‍. ഇതില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയത്തും എവിടെ നിന്നും വ്യവസായ രംഗത്തേയും എന്‍ടിടിഎഫിലേയും ഏറ്റവും മികച്ച പരിശീലകര്‍ക്കു കീഴില്‍ കഴിവുകള്‍ വര്‍ധിപ്പിക്കാനാവും. വിവിധ ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, ശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലെ നിലവിലുള്ളതും മുന്‍പു പഠിച്ചതുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി ലഭ്യമാണ്. എന്‍ടിടിഎഫ് ആയിരിക്കും ലൈവ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുക.

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സേവന വ്യവസായം 2025-ഓടെ ആറു മടങ്ങു വളര്‍ന്ന് 152 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടിസിഎസ് ഐഓണ്‍ ആഗോള മേധാവി വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു. ഈ അവസരത്തില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനു പുറമെ ജോലിയില്‍ പ്രാവീണ്യം കൂടി നേടിയ യുവാക്കളെ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോലിക്കായുള്ള ശേഷി വികസിപ്പിച്ച യുവാക്കള്‍ക്കായാണ് ഇപ്പോള്‍ ആഗോള തലത്തില്‍ അന്വേഷണം നടക്കുന്നതെന്ന് എന്‍ടിടിഎഫ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍ റെഗുരാജ് പറഞ്ഞു. ജോലി ചെയ്യാന്‍ തയ്യാറായ 60,000 യുവാക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: TCS |