കേരള ഗ്രാമീണ്‍ ബാങ്കിന് 325 കോടി രൂപ ലാഭം

Posted on: May 11, 2023


കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 162 ശതമാനം വളര്‍ച്ചയോടെ 325 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 124 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 412 കോടി രൂപയില്‍ നിന്ന് 31 ശതമാനം ഉയര്‍ന്ന് 539കോടി രൂപയായി.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2.26 ശതമാനമെന്ന സുരക്ഷിത നിലയിലാണുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) പൂജ്യം ശതമാനമാണെന്നതും നേട്ടമാണ്. മൂലധന പര്യാപ്തതാ അനുപാതം (സിആര്‍എആര്‍) 11.41 ശതമാനത്തില്‍ നിന്ന് 13, 10 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 12.31 ശതമാനം ഉയര്‍ന്നു. അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം)3.89 ശതമാനത്തില്‍ നിന്നുയര്‍ന്ന് 403ശതമാനത്തിലുമെത്തി.

ബാങ്കിന് 97.89 ലക്ഷം ഇടപാടുകാരുണ്ട്. മൊത്തം ബിസിനസ് കഴിഞ്ഞവര്‍ഷം 41,113 കോടി രൂപയില്‍ നിന്ന് 43,889 കോടി രൂപയായി മെച്ചപ്പെട്ടു. 21,954 കോടി രൂപയാണ് മൊത്തം നിക്ഷേപം കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം 42.57ല്‍ നിന്ന് 44.47 ശതമാനമായി വര്‍ധിച്ചു. വായ്പകള്‍ 21,885 കോടി രൂപ. വായ്പകളില്‍ 13.5 ശതമാനം വളര്‍ച്ചയുണ്ട്. വായ്പകളില്‍ 94 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലുള്ളവയാണ്. ബാങ്കിന്റെ മൊത്തം വായ്പയില്‍ 68 ശതമാനവും കാര്‍ഷിക മേഖലയിലാണ്.