കേരള ഗ്രാമീൺ ബാങ്കിന്റെ ഫിനാൻഷ്യൽ ലിറ്ററസി അറ്റ് സ്‌കൂളിന് തുടക്കമായി

Posted on: January 26, 2017

കൊച്ചി : പണത്തിന്റെയും സമ്പാദ്യത്തിന്റെയും ഗതിവിഗതികൾ മനസിലാക്കുവാനുള്ള ശാസ്ത്രീയമായ അറിവ് ഓരോ കുട്ടിക്കും അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. സ്‌കൂൾ വിദ്യാർഥികൾക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കാനായി കേരള ഗ്രാമീൺ ബാങ്ക് നടപ്പാക്കുന്ന ഫിനാൻഷ്യൽ ലിറ്ററസി അറ്റ് സ്‌കൂൾ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഫിനാൻഷ്യൽ ലിറ്ററസി കരുത്തുറ്റ ഒരു സമൂഹത്തിന്റെ നിർമ്മിതിക്കുവേണ്ടിയുള്ള ഉറച്ച കാൽവെയ്പാണെന്നും സാമ്പത്തിക സാക്ഷരത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഒരുപോലെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗ്രാമീൺ ബാങ്കിന്റെ 602 ശാഖകളുടെയും പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്‌കൂളിലെയും ആറാം ക്ലാസിനു മുകളിലുള്ള വിദ്യാർഥികൾക്കായിരിക്കും സാമ്പത്തിക അവബോധം നൽകുമെന്ന് ചെയർമാൻ കെ.വി. ഷാജി പറഞ്ഞു. ഇതിനായി ആൻഡ്രോയിഡ് പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കെജിബി എന്ന മൊബൈൽ ആപ്പും ബാങ്ക് വികസിപ്പിച്ചിട്ടുണ്ട്. മൊബൈൽ ആപ്പിന്റെ പ്രകാശനം പ്രോഗ്രാം ബ്രാൻഡ് അംബാസഡർ മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു.

തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്‌സൺ കെ.കെ.നീനു, റിസർവ് ബാങ്ക് റീജണൽ ഡയറക്ടർ എസ്.എം. നരസിംഹ സ്വാമി, ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് ആൻഡ് യൂത്ത് ഇന്റർനാഷണൽ റീജണൽ പ്രതിനിധി ജെ.ജി മേനോൻ, ബാങ്ക് ജനറൽ മാനേജർ എസ്.രാധാകൃഷ്ണൻ നായർ, റീജണൽ മാനേജർ കെ.പി. വാസുദേവൻ തുടങ്ങിയർ പ്രസംഗിച്ചു.