അമുൽ 1500 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: September 14, 2020

അഹമ്മദാബാദ് : ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അമുൽ ബ്രാൻഡിനെ വൈവിധ്യവത്കരിക്കാനൊരുങ്ങുന്നു. വളർച്ചയുടെ ഭാഗമായ അമുൽ രണ്ട് വർഷത്തിനുള്ളിൽ 1500 കോടി രൂപയുടെ മുതൽമുടക്ക് നടത്തും. പാൽ, ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റുകൾ, ബേക്കറി, ഭക്ഷ്യഎണ്ണ തുടങ്ങിയ ഉത്പന്നങ്ങൾ തുടങ്ങിയ വികസനപദ്ധതികളാണ് ലക്ഷ്യമിടുന്നത്. വികസനം പൂർത്തിയാകുന്നതോടെ പ്രതിദിന പാൽ സംസ്‌കരണ ശേഷി 380 ലക്ഷം ലിറ്ററിൽ നിന്ന് 420 ലക്ഷം ലിറ്ററായി വർധിക്കും. വിവിധ ഇനം ഭക്ഷ്യഎണ്ണകൾ ജൻമേ ബ്രാൻഡിലായിരിക്കും വിപണിയിൽ അവതരിപ്പിക്കുന്നത്.

അമുലിന്റെ വിറ്റുവരവ് നടപ്പുവർഷം 12-15 ശതമാനം വർധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ.എസ്. സോധി പറഞ്ഞു. കഴിഞ്ഞ വർഷം 38,550 കോടി രൂപയായിരുന്നു വിറ്റുവരവ്. കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾക്കുള്ള ഡിമാൻഡ് വർധിച്ചതാണ് വരുമാനം വർധിക്കാൻ ഇടയാക്കിയത്.