ജെറ്റ് എയർവേസ് പാപ്പരത്ത നടപടികൾ ഓഗസ്റ്റ് 21 വരെ നീട്ടി

Posted on: May 23, 2020

മുംബൈ : ജെറ്റ് എയർവേസ് പാപ്പരത്ത നടപടികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 21 വരെ നീട്ടി. പാപ്പരത്ത നടപടികൾക്ക് മാർച്ചിൽ 90 ദിവസത്തെ സമയം ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അനുവദിച്ചിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് കാലാവധി വീണ്ടും ദീർഘിപ്പിച്ചത്. പലവട്ടം താത്പര്യപത്രം ക്ഷണിച്ചെങ്കിലും സ്വീകാര്യമായ ഒന്നും ലഭിച്ചില്ല.

തെക്കേ അമേരിക്കയിലെ സിനർജി ഗ്രൂപ്പ്, ന്യൂഡൽഹിയിലെ പ്രൂഡന്റ് എ ആർ സി, റഷ്യയിൽ നിന്നുള്ള ഫാർ ഈസ്റ്റ് ഏഷ്യ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവർ രംഗത്ത് എത്തിയെങ്കിലും വിശദമായ പദ്ധതി രേഖ സമർപ്പിക്കാതെ പിൻമാറി. 2019 മാർച്ചിലാണ് ജെറ്റ് എയർവേസിന്റെ പ്രവർത്തനം നിലച്ചത്.