എയര്‍ ഇന്ത്യ എക്‌സ്പ്രസ് : ദൗത്യനിര്‍വഹണത്തിനായി 2000 പേര്‍

Posted on: May 7, 2020

കൊച്ചി  : പ്രവാസികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. രണ്ടായിരത്തോളം പേരെയാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി, എന്നിവിടങ്ങളിലായി എട്ട് വിമാനങ്ങള്‍ ക്രമീകരിച്ചു. 60 പൈലറ്റുമാരെയും 120 എയര്‍ ഹോസ്റ്റസുമാരെയും സജ്ജമാക്കി.

അടച്ചിടലിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ കഴിയുകയായിരുന്ന വിമാനജീവനക്കാരെ പ്രത്യേക അനുമതി വാങ്ങി ഓരോ കേന്ദ്രങ്ങളിലുമെത്തിച്ച്, ഒരാഴ്ചകൊണ്ടാണ് സന്നാഹനങ്ങളെല്ലാം ഒരുക്കിയത്. വിമാന ജീവനക്കാര്‍ക്കെല്ലാം പി. പി. ഇ. സ്യൂട്ടുകള്‍ ഏര്‍പ്പാടാക്കി.

യാത്രപുറപ്പെടുന്നതിന് തേലന്ന് എയര്‍ഹോസ്റ്റസുമാര്‍ രക്തപരിശോധനയ്ക്കു വിധേയരാകണം. മറ്റാരുമായും സമ്പര്‍ക്കമില്ലാത്തവിധം ഇവരെ ഹോട്ടലില്‍ പാര്‍പ്പിക്കും. ഓരോ യാത്രയ്ക്കു മുമ്പും എയര്‍ഹോസ്റ്റസുമാരെ ഇത്തരത്തില്‍ പരിശോധനയ്ക്കു വിധേയമാക്കും. കാര്‍ഗോവിഭാഗം ഉള്‍പ്പെടെ എല്ലായിടവും അണുവിമുക്തമാക്കാന്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണങ്ങള്‍, ഒരു വിമാനത്തില്‍ പരമാവധി 170 യാത്രക്കാരെ മാത്രമേ കയറ്റൂ.

TAGS: AirIndia |