കൊച്ചിൻ ഷിപ്പ്‌യാർഡ് യാത്രക്കപ്പൽ നീറ്റിലിറക്കി

Posted on: January 29, 2020

കൊച്ചി : ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനു വേണ്ടി കൊച്ചി ഷിപ്പ്‌യാർഡ് നിർമിക്കുന്ന 2 യാത്രക്കപ്പലുകളിൽ ആദ്യത്തേത് നീറ്റിലിറക്കി. 1200 പേർക്കു സഞ്ചരിക്കാവുന്ന കപ്പലിന് ഏതു കാലാവസ്ഥയിലും സർവീസ് നടത്താൻ കഴിയും. ക്ലാസ് ത്രീ സ്‌പെഷൽ ട്രേഡ് പാസഞ്ചർ ഷിപ്പ് വിഭാഗത്തിൽപ്പെടുന്ന കപ്പലിൽ കഫെറ്റീരിയ, വിനോദ സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്. ആധുനിക സൗകര്യത്തോടെ നിർമിച്ച കപ്പലിന് 18 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 157 മീറ്ററാണു നീളം.

അന്തിമ ഘട്ട നിർമാണ ജോലികൾ പൂർത്തിയാക്കി അടുത്ത വർഷം കപ്പൽ കൈമാറും. 4 കപ്പലുകൾ നിർമിക്കാനാണ് ആൻഡമാൻ ഭരണകൂടം ഷിപ്പ്‌യാർഡിന് കരാർ നൽകിയത്. 500 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ടും 1200 പേർക്കു സഞ്ചരിക്കാവുന്ന രണ്ട് കപ്പലുകളുമാണ് നിർമ്മിക്കുന്നത്. ഷിപ്പ്‌യാർഡ് സിഎംഡി മധു എസ്. നായരുടെ പത്‌നിയും എൻപിഒഎൽ ശാസ്ത്രജ്ഞയുമായ കെ. രമീതയാണ് കപ്പൽ നീറ്റിലിറക്കിയത്. ഷിപ്പ്‌യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ എൻ. വി. സുരേഷ് ബാബു, ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്‌ക്കർ, ഫിനാൻസ് ഡയറക്ടർ വി. ജെ. ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.