ഫ്‌ളൈനാസ് റിയാദ് – കോഴിക്കോട് സർവീസ് തുടങ്ങി

Posted on: October 19, 2019

കോഴിക്കോട് : ഫ്‌ളൈനാസ് റിയാദ് – കോഴിക്കോട് സർവീസ് തുടങ്ങി. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. 174 പേർക്ക് യാത്രചെയ്യാവുന്ന എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

റിയാദിൽ നിന്നും പ്രാദേശിക സമയം രാത്രി 12.40 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് എക്‌സ് വൈ 345 പ്രാദേശിക സമയം രാവിലെ 8.05 ന് കോഴിക്കോട് എത്തും. തിരിച്ച് പ്രാദേശിക സമയം 8.55 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് എക്‌സ് വൈ 346 പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15 ന് റിയാദിൽ എത്തിച്ചേരും.

ഒക്‌ടോബർ 16 ന് റിയാദിൽ നിന്നും 45 യാത്രക്കാരുമായി ഉദ്ഘാടന ഫ്‌ളൈറ്റ് കോഴിക്കോട് എത്തി. ആദ്യ വിമാനത്തിലെ യാത്രക്കാരെ പൂക്കൾ നൽകി സ്വീകരിച്ചു.

കോഴിക്കോട് നിന്നും റിയാദിലേക്കുള്ള യാത്രക്കാർക്ക് ഫ്‌ളൈനാസ് റിയാദ് ഇന്റർനാഷണൽ എയർപോർട്ട് മാനേജർ ഇബ്രാഹിം അൽ സാൽമിയും കാലിക്കട്ട് എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവുവും ബോർഡിംഗ് പാസുകൾ നൽകി. നാസ് എയർ സൗത്ത് ഈസ്റ്റ് കൺട്രി മാനേജർ മുഹമ്മദ് സാലിം, കോഴിക്കോട് എയർപോർട്ട് മാനേജർ കെ. പി. ഹാനി, ഭദ്ര ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജർ എം.എസ്. സുനീഷ് എന്നിവർ സന്നിഹിതരായിരുന്നു.