സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം 29 ന് ലാഭവിഹിതം തീരുമാനിക്കും

Posted on: June 22, 2019

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം 29-ന് കൊച്ചിയില്‍ നടക്കും. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഓഹരി ഉടമകള്‍ക്ക് നല്‍കേണ്ട ലാഭവിഹിതം സംബന്ധിച്ച് തീരുമാനമെടുക്കും.
കഴിഞ്ഞ രണ്ട് വര്‍ഷവും 25 ശതമാനമാണ് ലാഭവിഹിതം നല്‍കിയത്. അതിനാല്‍ ഇക്കുറിയും ലാഭവിഹിതം 25 ശതമാനത്തില്‍ കുറയാതെ ഉണ്ടാകും. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്താലും സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുക.

30 രാജ്യങ്ങളില്‍നിന്നായി 18,000- ല്‍ അധികം നിക്ഷേപകരുള്ള സിയാല്‍ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. 2003-04 സാമ്പത്തിക വര്‍ഷം എട്ട് ശതമാനമായിരുന്നു. അത് പല വര്‍ഷങ്ങളിലായി ഉയര്‍ന്ന് 25 ശതമാനത്തിലെത്തി. നിക്ഷേപത്തിന്റെ 228 ശതമാനം വിവിധ വര്‍ഷങ്ങളില്‍ ലാഭ വിഹിതമായി ഓഹരിയുടമകള്‍ക്ക് മടക്കി നല്‍കിക്കഴിഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷം സിയാലിന്റെ മൊത്തവരുമാനം 701.13 കോടി രൂപയായിരുന്നു. അറ്റാദായം 170.03 കോടി രൂപയും. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 29 ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കും. ലാഭം കൂടുന്നതിനനുസരിച്ച് സിയാല്‍ ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതവും കൂട്ടി നല്‍കുന്നുണ്ട്.

TAGS: Cial |