ഒബ്‌റോൺ മാളിന്റെ 10 ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

Posted on: April 9, 2018

ഒബ്‌റോൺ മാളിന്റെ 10 ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ലോഗോ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പ്രകാശനം ചെയ്യുന്നു. മാൾ സെന്റർ മാനേജർ ജോജി ജോൺ, മുൻസിപ്പൽ കൗൺസിലർമാരായ എം.വി. മുരളീധരൻ, വൽസല കുമാരി, ഒബ്‌റോൺ ഗ്രൂപ്പ് ചെയർമാൻ എം.എ. മുഹമ്മദ്, മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. ഹുസൈൻ എന്നിവർ സമീപം.

കൊച്ചി : കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്‌റോൺ മാളിന്റെ പത്താം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.  അഞ്ചു മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളും ഷോപ്പിംഗ് ഉത്സവവും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പത്താം വാർഷിക ആഘോഷത്തിന്റെ ലോഗോയുടെയും, കൊച്ചിക്കുവേണ്ടി ഒബ്‌റോൺ സമർപ്പിക്കുന്ന തീം സോങ്ങിന്റെയും റിലീസും ജില്ലാ കളക്ടർ നിർവഹിച്ചു. ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ഒബ്‌റോൺ മാളിന് കഴിഞ്ഞിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

ഇക്കാലമത്രയും ഉപഭോക്താക്കൾ മികച്ച പിന്തുണയാണ് നൽകിയതെന്നും ആദ്യമായി കേരളത്തിൽ മാൾ ആരംഭിക്കാനും വിജയകരമായി 10 വർഷങ്ങൾ പൂർത്തിയാക്കാനും സാധിച്ചതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്നും ഒബ്‌റോൺ ഗ്രൂപ്പ് ചെയർമാൻ എം.എ. മുഹമ്മദ് പറഞ്ഞു.

ഷോപ്പിങ്ങ് ഉത്സവത്തോടനുബന്ധിച്ച് എല്ലാ ആഴ്ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെഎൽ.ഇ.ടി ടിവികൾ, സ്മാർട്ട് ഫോണുകൾ, വാച്ചുകൾ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകും. മെഗാ ബംബർ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാർ, ബജാജ് എൻഎസ് 200 ബൈക്കുകളുമാണ് നൽകുന്നത്. ഏപ്രിൽ 8 മുതൽ 15 വരെ യുള്ള കാലയളവിൽ 3000 രൂപയ്ക്കുമുകളിൽ പർച്ചേസ് നടത്തുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും നൽകും.

കൂടാതെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾ, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ പ്രവർത്തകർ, പബ്ലിക് ട്രാൻസ്‌പോർട്ട് ജീവനക്കാർ, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിങ്ങനെ 5 വ്യത്യസ്ത മേഖലകളിലെ 10 വീതം വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ പറഞ്ഞു. ഒബ്‌റോൺ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. ഹുസൈൻ, മാൾ സെന്റർ മാനേജർ ജോജി ജോൺ, മുൻസിപ്പൽ കൗൺസിലർമാരായ എം.വി. മുരളീധരൻ, വൽസല കുമാരി, മാർക്കറ്റിംഗ് മാനേജർ റിന്റു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: Oberon Mall |