അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നു

Posted on: April 27, 2016

World-Trade-Center-Abu-Dhab

അബുദാബി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് അബുദാബിയിലെ വാണിജ്യസിരാകേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിൽ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നു. അബുദാബി ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അൽദാർ പ്രോപ്പർട്ടീസുമായി ചേർന്നാണ്, ലുലു ഗ്രൂപ്പ് ട്രേഡ് സെന്ററിലെ ദ മാളിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടിയാണ് പുതിയ ഹൈപ്പർമാർക്കറ്റിന്റെ വിസ്തീർണം.

അൽദാർ പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ഖലീഫ അൽ മുബാറക്, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച ധാരണാപത്രം അൽദാർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ തലാൽ തയ്യിബിയും ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയും ഒപ്പുവച്ചു.

അൽദാറുമായി സഹകരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും റീട്ടെയ്ൽ മേഖലയിലെ ലുലുവിന്റെ ദശാബ്ദങ്ങളായുള്ള പരിചയം വേൾഡ് ട്രേഡ് സെന്ററിൽ എത്തുന്നവർക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും എം എ യൂസഫലി പറഞ്ഞു. അബുദാബി വേൾഡ് ട്രേഡ് സെന്ററിലേക്ക് ലുലു ഗ്രൂപ്പിന് ക്ഷണം ലഭിച്ചത് അഭിമാനകരമായ മുഹൂർത്തമാണ്. ഈ നേട്ടത്തിന് അബുദാബി ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നു. ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ മലയാളികൾക്ക് കൂടുതൽ തൊഴിൽ നൽകാൻ സാധിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് ഏറ്റവും ആവശ്യമുള്ളവ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളെ ദ മാളിൽ ഉൾപ്പെടുത്തുന്നതെന്ന് അൽദാർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ തലാൽ തയ്യിബി പറഞ്ഞു.