ആയിരങ്ങൾക്ക് സ്വപ്‌നസാഫല്യമേകി യൂസഫലി

Posted on: April 20, 2016

M-A-Yusaf-Ali-in-recruitmen

നാട്ടിക : സുരക്ഷിതമായ ജോലിതേടിയെത്തിയ ആയിരങ്ങൾക്ക് പ്രമുഖ വ്യവസായി പദ്മശ്രീ എം എ യൂസഫലി സ്വപ്‌നസാഫല്യമേകി. ലുലു ഗ്രൂപ്പിൽ ജോലി തേടി കാൽലക്ഷം പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി നാട്ടികയിലെ എംഎ പ്രോപ്പർട്ടീസിൽ എത്തിയത്.

ഊഴം കാത്തുനിന്നവർക്കരികിലേക്ക് സാധാരണക്കാരനായി എം എ യൂസഫലി കടന്നുചെന്നു. അവരുടെ കുടുംബവിശേഷങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. അദേഹം നേരിട്ട് തെരഞ്ഞെടുത്ത 2,400 പേർക്ക് ജോലി നൽകി. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുമാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. മുമ്പ് തന്റെ അരികിൽ ജോലിതേടിയെത്തിയവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ അദേഹം യോഗ്യത അനുസരിച്ച് അവർക്കും ജോലി നൽകി.

കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ് ഏറ്റവും വലുതെന്നും മാതാപിതാക്കളെ സംരംക്ഷിക്കേണ്ടതു യുവാക്കളുടെ കടമയാണെന്നും അദേഹം ഓർമ്മിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ മറുനാട്ടുകാർ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് 2,400 പേർക്ക് എം എ യൂസഫലി ജോലി ഉറപ്പു നൽകിയത്.

M-A-Yusaf-Ali-with-new-recr

ജോലിതേടി തന്നെ കാണാൻ എത്തിയവർക്കെല്ലാം വെള്ളവും ലഘുഭക്ഷണവും ഉച്ചയ്ക്ക് ബിരിയാണിയും നൽകിയാണ് യാത്രയയച്ചത്. എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ അദേഹം ഉറപ്പുവരുത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 10,11 തീയതികളിൽ യുസഫലിയുടെ സ്ഥാപനങ്ങളിൽ ജോലിതേടി 30,000 പേരാണ് നാട്ടികയിൽ എത്തിയത്. ഇവരിൽ നിന്ന് 3,000 പേരെ അദേഹം ജോലിക്കായി തെരഞ്ഞെടുത്തിരുന്നു. ഇടനിലക്കാർ ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് എം എ യൂസഫലി നേരിട്ട് നിയമനം നടത്തുന്നത്. യുവതീ-യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള പദ്ധതികൾ തയാറാക്കുന്നതിലായിരിക്കണം സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടതെന്ന് എം എ യൂസഫലി പറഞ്ഞു.