മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

Posted on: February 28, 2016

Oommen-Chandy-2016-Big

കോട്ടയം : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന സ്‌റ്റേറ്റ് കാർ അപകടത്തിൽപ്പെട്ടു. കോട്ടയം ഏറ്റുമാനൂരിന് സമീപം കാണക്കാരി പള്ളിപ്പടിയിൽ ഇന്നു പുലർച്ചെ 2.55 ന് ആയിരുന്നു അപകടം. രാഷ്ടപതിയെ യാത്രയാക്കിയ ശേഷം കോഴിക്കോട്ടു നിന്നും കോട്ടയത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി.

സീറ്റ് ബെൽട്ട് ഇട്ടിരുന്നതിനാൽ അത്ഭുകരമായി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. മുൻസീറ്റിൽ മുഖം ഇടിച്ചതിനാൽ മുഖ്യമന്ത്രിയുടെ ചുണ്ടിന് നേരിയ പരിക്കുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അശോകന് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നും സംശയിക്കുന്നു.

ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ വഴിയോരത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അകമ്പടി വാഹനത്തിൽ നാട്ടകം ഗസ്റ്റ്ഹൗസിൽ എത്തിയ മുഖ്യമന്ത്രിയെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക് ടർമാർ എത്തി പരിശോധിച്ചു. തുടർന്ന് പുതുപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി സന്ദർശകരെ സ്വീകരിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികളൊന്നും റദ്ദാക്കിയിട്ടില്ല.