കെ എം എ സിഇഒ കോൺക്ലേവ് സംഘടിപ്പിച്ചു

Posted on: January 1, 2016

 

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സിഇഒ കോൺക്ലേവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രസംഗിക്കുന്നു. സിഇഒ കോൺക്ലേവ് ചെയർമാൻ ഡോ. വി. എ. ജോസഫ്, മാത്യു ജോസ് ഉറുമ്പത്ത്, സി. എസ് കർത്ത എന്നിവർ സമീപം.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സിഇഒ കോൺക്ലേവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രസംഗിക്കുന്നു. സിഇഒ കോൺക്ലേവ് ചെയർമാൻ ഡോ. വി. എ. ജോസഫ്, മാത്യു ജോസ് ഉറുമ്പത്ത്, സി. എസ് കർത്ത എന്നിവർ സമീപം.

കൊച്ചി : ജനാധിപത്യം സംരക്ഷിക്കാൻ കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ മാധ്യമങ്ങളെ അനുവദിക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകാനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിന്റെയും മീഡിയ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെയും ചെയർമാനുമായ ശശികുമാർ അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ ) സംഘടിപ്പിച്ച സിഇഒ കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റോറിയൽ വിഭാഗവും മാർക്കറ്റിംഗ് വിഭാഗവും തമ്മിലുള്ള വേർതിരിവ് ഇല്ലാതായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഡിറ്റോറിയൽ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട വാർത്തകളും, ചില അവസരങ്ങളിൽ ഉള്ളടക്കം പോലും മാർക്കറ്റിംഗ് വിഭാഗം നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടെന്നും ശശികുമാർ പറഞ്ഞു. ഇന്ത്യ പോലെയൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾ ആശാസ്യകരമാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ സ്ഥാപനങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിയാൽ മാത്രമെ മാധ്യമ വ്യവസായത്തിൽ ഒരു പരിധി വരെ സ്വയം നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. വിപണിയും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം ആശങ്കയുളവാക്കുന്നതാണ്. സാധാരണക്കാരുടെ വിശ്വാസ്യതയിലാണ് മാധ്യമങ്ങളുടെ നിലനിൽപ്പെന്നും ശശികുമാർ ഓർമപ്പെടുത്തി.

മാത്യു ജോസ് ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. സിഇഒ കോൺക്ലേവ് ചെയർമാൻ ഡോ. വി. എ. ജോസഫ് സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി സി. എസ് കർത്ത നന്ദിയും പറഞ്ഞു.