യൂറോപ്യൻ രാജ്യങ്ങളിലെ ബിസിനസ് സാഹചര്യങ്ങൾ വ്യതസ്തം

Posted on: January 16, 2020

കൊച്ചി : ഉപഭോക്താക്കളുമായും ക്ലൈന്റ്കളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സാധ്യതകളായി പരിവർത്തിപ്പിക്കുമ്പോഴാണ് ബിസിനസിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുകയെന്നു ഫിൻപ്രൂവ് ലേണിംഗ് ഡയറക്ടർ അലക്‌സ് വൈനെൻ പറഞ്ഞു. കോർപറേറ്റ് യൂറോപ്പ് ചില പരാജയങ്ങളിലൂടെയുള്ള വിജയകഥകൾ എന്ന വിഷയത്തിൽ കേരള മാനേജ്മന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറം രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ ബിസിനസിന് എത്തുന്നവർ വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഓരോ കമ്പനിയും തങ്ങളുടെ കഴിവുകളോടൊപ്പം കുറവുകളെ കുറിച്ചും കൃത്യമായി പഠിക്കണം. സാധ്യതകളോടൊപ്പം വരാൻ സാധ്യതയുള്ള ഭീഷണികളെ കുറിച്ചും ശരിയായ ധാരണ ഉണ്ടാകുമ്പോഴാണ് ബിസിനസിന് കൃത്യമായ ദിശ ലഭിക്കുക.

യൂറോപ്പിലെ ബിസിനസ് നിയമങ്ങളെ കുറിച്ച അറിവുണ്ടാകുന്നതിനു പുറമെ നിയമങ്ങളെ കുറിച്ചും പഠിച്ചിരിക്കണം. കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ ആഗോള കോഡിലൂടെ രേഖപ്പെടുത്തുന്നത് ശരിയായ ഉപഭോക്താക്കളെ കണ്ടെത്താൻ സഹായിക്കും. വ്യത്യസ്ത രാജ്യങ്ങൾ ആണെങ്കിലും യൂറോപ്പിനെ ഒരു കമ്പോളമായി വിലയിരുത്തുകയാണ് ഉചിതം. വ്യത്യസ്ത രാജ്യങ്ങൾ ആണെങ്കിലും സംസ്‌കാരത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഇവ തമ്മിലുള്ളൂ എന്ന് മനസ്സിലാക്കണം. ഇന്ത്യൻ സാഹചര്യത്തിലും വില നിലവാരത്തിലും ബിസിനസ് നടത്താൻ ആലോചിക്കാതെ പ്രാദേശിക രീതികളെ ആദരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ കറൻസിയിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ചും ശരിയായ ധാരണയോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ നിർമല, ഓണററി സെക്രട്ടറി ബിബി പുന്നൂരാൻ എന്നിവർ സംസാരിച്ചു.