വനിതാ സംരംഭകർക്കായി വിമെൻ ടെക്‌മേക്കേഴ്‌സ്‌പ്രോഗ്രാം

Posted on: August 6, 2015

Startup-WomenTechmakers-Big

കൊച്ചി: ഐടി രംഗത്ത് യുവ വനിതാ സംരംഭകർക്ക് ചുവടുറപ്പിക്കാൻ സ്റ്റാർട്ടപ് വില്ലേജുമായി സഹകരിച്ച് ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പ് വിമെൻ ടെക്‌മേക്കേഴ്‌സ് (ഡബ്ല്യുടിഎം) പ്രോഗ്രാമിന് തുടക്കമിട്ടു. പരസ്പരം സംവദിക്കുന്നതിനും പ്രചോദനമാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ ആരംഭിച്ച പരിപാടി എംഎൽഎമാരായ കെ. എസ് ശബരീനാഥ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യ ഉപയോഗിക്കന്നവരും ഉപയോഗിക്കാത്തവരും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായി സാങ്കേതികവിദ്യ സാമൂഹിക വികസനത്തിന് എന്ന വിഷയത്തെ അധികരിച്ച് നടത്തിയ അവതരണത്തിൽ ശബരിനാഥ് എംഎൽഎ പറഞ്ഞു. സാങ്കേതികവിദ്യകൾ എല്ലാ തട്ടിലേയും ജനങ്ങളിൽ എത്തിച്ച് അതിന്റെ പ്രയോജനം എല്ലാവരിലും ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വാതന്ത്യത്തോടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയങ്ങളെ യാഥാർത്ഥ്യത്തിലെത്തിക്കുന്നതാണ് സംരംഭകത്വമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് സമൂഹത്തിൽ മുഖ്യസ്ഥാനമുണ്ട്. ആശയങ്ങളെ ബിസിനസിലേക്കെത്തിച്ച് കൂടുതൽ വനിതകൾ സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടതുണ്ട്. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന് സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനുള്ള വേദിയായി ഡബ്ല്യുടിഎം മാറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാരംഗത്ത് വൈമുഖ്യം മാറ്റിനിർത്തി സ്ത്രീകൾമുന്നോട്ടുവരണമെന്ന് ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു. ഡബ്ല്യുടിഎം പോലുള്ള വേദികൾ വനിതകൾക്ക് പഠിക്കുന്നതിനും ആശയ വിനിമയത്തിനുമുള്ള മാധ്യമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രണവ്കുമാർ സുരേഷ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

സാങ്കേതിക സംരംഭകത്വത്തിലൂടെലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു. ഗൂഗിൾ പ്രോഗ്രാമുകളിലൂടെയുവവനിതാ സംരംഭകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ ആത്മവിശ്വാസം പകരുന്നതിനും ആഗോള ശ്രദ്ധനേടിയെടുക്കുന്നതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐടി സംരംഭകത്വത്തിലേയ്ക്ക് കടക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നതിനും സമാനമനസ്‌കരായ ആളുകളോടും മേഖലയിലെ വിദഗ്ധരോടും നിർദേശകരോടും സമ്പർക്കം പുലർത്തുന്നതിനും സാധിക്കും . കൂടാതെ കോഡ്‌ലാബ്, ഹാക്കത്തോൺ എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും. ആര്യ മുരളി, സഞ്ജയ് നെടിയറ എന്നിവരാണ് കൊച്ചിൻ ഡബ്ല്യുടിഎംന് നേതൃത്വം നൽകുന്നത്.