വിമാനത്താവള വികസനം : സിയാല്‍ മോഡല്‍ വിജയമെന്ന് മുഖ്യമന്ത്രി

Posted on: September 7, 2020

നെടുമ്പാശേരി: സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ട കാര്യമല്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍) മാതൃക തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. നാലര വര്‍ഷം കൊണ്ട് 2,000 കോടി രൂപയുടെ വികസനപദ്ധതികളാണ് ഇവിടെ നടപ്പാക്കിയത്. എന്നാല്‍, യൂസര്‍ ഫീ ഒരു രൂപ പോലും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിയാല്‍ പയ്യന്നൂരില്‍ സ്ഥാപിക്കുന്ന 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയില്‍ പൂര്‍ത്തിയായി വരുന്ന 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയും ഈ വര്‍ഷം അവസാനത്തോടെ കമ്മിഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

27% ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ പൊതുയോഗം അംഗീകരിച്ചു. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 655.05 കോടി രൂപ മൊത്ത വരുമാനം നേടി204.05 കോടി രൂപയാണ് ലാഭം.  ലാഭം 200 കോടി രൂപ കട ന്നു എന്ന പ്രത്യേകതയുണ്ട്.

ഓണ്‍ലൈന്‍ യോഗത്തില്‍ ഡയറക്ടര്‍മാരായ മന്തി തോസ് ഐസക്, മന്ത്രി സുനില്‍ കുമാര്‍, എം.എ. യൂസഫലി, എവി. ജോര്‍ജ്, ഇ.എം. ബാബു, റോയ് പോള്‍, എ.കെ. രമണി, മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, കമ്പനി സെക്രട്ടറി സജി ജോര്‍ജ്, സിഎഫ്ഒ സുനില്‍ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Cial |