കൊച്ചിയിലേക്ക് ആഴ്ചയിൽ 113 ആഭ്യന്തര സർവീസുകൾ

Posted on: May 23, 2020


കൊച്ചി : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനയാത്രയ്ക്ക് കൊച്ചി വിമാനത്താവളം സജ്ജമായി. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകള്‍ ഉണ്ടാകും.
സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്-ഇന്‍, സുരക്ഷാപരിശോധന, തിരിച്ചറിയല്‍ പ്രക്രിയകള്‍ എന്നിവയുണ്ടാകും.

മെയ് 25 മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ച ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് കൊച്ചിയില്‍ നിന്ന് ബംഗലുരു, കോഴിക്കോട്, ചെന്നെ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂരു, പുന്നെ എന്നീ നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാകും.

വെബ് ചെക് ഇന്‍, ആരോഗ്യ സേതു മൊബൈല്‍ ആപ്പ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടത്.

എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാലുമണിക്കൂര്‍ മുമ്പുതന്നെ ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. രണ്ടുമണിക്കൂര്‍മുമ്പെങ്കിലും ടെര്‍മിനലില്‍ റിപ്പോര്‍ട്ടു ചെയ്യണം. വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. മറ്റു സംസ്ഥാനത്തേക്ക് പോകുന്നവര്‍ അതത് സ്ഥലങ്ങളിലെ സുരക്ഷാമാനണ്ഡങ്ങള്‍ പാലിക്കണം.