കാർഷികാധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ഇ.പി ജയരാജൻ

Posted on: January 10, 2020

കൊച്ചി : കാർഷികോത്പന്നങ്ങളിൽ അധിഷ്ഠിതമായ വ്യവസായങ്ങളിലെ കേരളത്തിൻറെ ഭാവി കണക്കിലെടുത്ത് അവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കാർബൺ മാലിന്യരഹിത കാപ്പിത്തോട്ടങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള 2020 ൽ അഗ്രോ ആൻഡ് ഫുഡ് പ്രോസസിംഗ് എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കർഷകരുടെയും കാർഷിക വ്യവസായ സംരംഭകരുടെയും ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം വ്യവസായങ്ങളുടെ സാധ്യതയെക്കുറിച്ച് പഠിക്കുന്നതിനും അന്താരാഷ്ട്ര വിപണിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തുന്നതിനുമായി അക്കാദമി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

റബറിന്റെയും കാപ്പിയുടെയും വിലയിടവും നാളികേര, നെൽകൃഷി മേഖലകളിൽ നിന്ന് കർഷകർ അകന്ന് നിൽക്കുന്നതുമാണ് കേരളത്തിലെ കാർഷിക വ്യവസായങ്ങൾ പിന്നാക്കം പോകാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാപ്പിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർബൺ രഹിത തോട്ടങ്ങളിലെ കാപ്പിയെന്ന ആശയം കൊണ്ടു വരുന്നത്. ഇതിനായി ഗവേഷണങ്ങളും അന്താരാഷ്ട്രതലത്തിലുള്ള പരിശോധനകളും നടത്തേണ്ടതുണ്ട്. കാപ്പി കൃഷിക്ക് പ്രശസ്തമായ വയനാട്ടിൽ ഇത്തരം സംരംഭം തുടങ്ങാനുള്ള സാധ്യതകൾ സർക്കാർ തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളിൽ ഉപയോഗിക്കുന്ന റബർ ഉത്പന്നങ്ങൾക്കായുള്ള വ്യവസായങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾക്ക് മാത്രമായി കാഞ്ഞങ്ങാട് കിൻഫ്ര പാർക്കിൽ രണ്ടേക്കർ സ്ഥലം സംരംഭകർക്കായി നൽകും. നെല്ലുൽപ്പന്നങ്ങൾക്ക് റൈസ് പാർക്കും തുടങ്ങുന്നുണ്ട്. കാർഷിക മേഖലയും അനുബന്ധ വ്യവസായങ്ങളും പരസ്പര പൂരകമായി വളരുന്നതിന് ഈ നയം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിൽ തോട്ടവിള ഇതര കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ടൈ കേരള മുൻ പ്രസിഡൻറ് ശ്രീ ശിവദാസ് ബി മേനോൻ പറഞ്ഞു. കൂടുതൽ ഉത്പന്നങ്ങൾ തോട്ടവിളയുടെ പരിധിയിൽ കൊണ്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്‌ക്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള മികച്ച സംവിധാനം കിൻഫ്ര ഫുഡ് പാർക്കുകളിലുണ്ടെന്ന് എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു. മൂല്യവർധിത ഭക്ഷ്യോത്പന്നങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. പാലക്കാട്ടെ മെഗാ ഫുഡ്പാർക്ക് കൂടി തുറക്കുന്നതോടെ ഈ വെല്ലുവിളി മറികടക്കാൻ കേരളത്തിലെ സംരംഭകർക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കാരിക്കാത്തതാണ് നാണ്യ വിളകളിലുണ്ടായിരുന്ന മേൽക്കൈ കേരളത്തിന് നഷ്ടമാകാൻ കാരണമെന്ന് അമാൽഗം ഫുഡ്‌സ് ചെയർമാൻ അബ്രഹാം ജെ തരകൻ ചൂണ്ടിക്കാട്ടി. കൃഷിയിൽ താത്പര്യമില്ലായ്മ, കീടനാശിനിയുടെ അമിത ഉപയോഗം, എന്നിവ പരിഹരിക്കേണ്ടതുണ്ട്. മത്സ്യകൃഷി നടത്തുന്നതിന് അഞ്ച് ജില്ലകളിലെ പൊക്കാളി വയലുകൾ കാർഷിക സംരംഭകർക്ക് അഞ്ച് വർഷത്തേക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂല്യവർധിത ഉത്പന്നങ്ങൾക്ക് ശരിയായ വിപണി കണ്ടെത്തുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് പാരിസൺസ് ഗ്രൂപ്പ് ജനറൽ മാനേജർ ഹിജാസ് അലി റാസ പറഞ്ഞു. ഉത്പന്നങ്ങളെയും സേവനങ്ങളെയും കോർത്തിണക്കിയുള്ള സംവിധാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.