അസെൻഡ് 2020 : പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രകീർത്തിച്ച് ടൂറിസം മേഖലയിലെ പ്രമുഖർ

Posted on: January 10, 2020

കൊച്ചി : ആഗോളതലത്തിൽ ടൂറിസം മേഖലയിലെ മികച്ച ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം ആകർഷിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കണമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെൻഡ് കേരള-2020 ആവശ്യപ്പെട്ടു.

ഈ പങ്കാളിത്തം ഉറപ്പാക്കിയ സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ വിജയത്തിൽ സർക്കാരിനെ സംഗമത്തിൽ പങ്കെടുത്ത പ്രമുഖർ പ്രകീർത്തിച്ചു. ടൂറിസം ആതിഥേയമേഖലകളിലെ മുപ്പതോളം പദ്ധതികൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

സ്വകാര്യമേഖലയിൽനിന്ന് നിരവധി നിക്ഷേപ അവസരങ്ങൾ ലഭ്യമാക്കിയതുകൊണ്ടാണ് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉയരങ്ങളിലെത്താനായതെന്ന് ‘വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ പദ്ധതികൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വകാര്യമേഖലയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന സർക്കാർ സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്. മികച്ച നിക്ഷേപ നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

കഴിഞ്ഞവർഷം വിജയകരമായ നടപ്പിലാക്കിയ ചാമ്പ്യൻസ് ബോട്ട് ലീഗിന് അനന്തമായ നിക്ഷേപസാധ്യതയുണ്ട്. മൈസ് ടൂറിസം, മലബാർ ക്രൂസ്, വിവിധ പ്രദേശങ്ങളിലെ സാംസ്‌കാരിക-പൈതൃക പദ്ധതികൾ, സാഹസിക വിനേദസഞ്ചാരം എന്നിവ നിക്ഷേപകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നവയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന വരുമാനത്തിൻറെ 10-12 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിര വിനോദസഞ്ചാര വികസനത്തിനാണ് ഊന്നൽ നൽകുന്നത്. വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ഒരു കാരണവശാലും തടസ്സപ്പെടരുതെന്ന് പൊതുവായ ധാരണയുണ്ട്. ഇതിനു വിരുദ്ധമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയം നേരിട്ട 2018 ൽ 10.9 ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.56 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദർശിച്ചതായി ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. 2019 ൽ ആദ്യ മൂന്നു ക്വാർട്ടറുകളിലും 15.73 വളർച്ച കൈവരിക്കാനായി. മൈസ് ടൂറിസത്തിൻറെ വളർച്ചയ്ക്കായി സൗകര്യങ്ങളുയർത്തേണ്ടതുണ്ട്. സുസ്ഥിരവും പ്രാദേശിക കേന്ദ്രീകൃത ടൂറിസം പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര മിഷനിലൂന്നിയ കേരളത്തിന്റെ ടൂറിസം വികസനമാണ് പ്രധാന സവിശേഷതയെന്നും അവർ വ്യക്തമാക്കി.

സമ്പൂർണമായ അനുഭവം ലക്ഷ്യമാക്കുന്നവർക്കായി ആകർഷകമായ നൂതന ഉൽപ്പന്നങ്ങൾ ആവിഷ്‌കരിക്കുന്നതിനാണ് ഇപ്പോൾ മുൻതൂക്കമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ വ്യക്തമാക്കി. ഇതിലൂടെ അടുത്തിടെയുള്ള കണക്കുകളിൽ മികച്ച പ്രതിഫലനം സൃഷിക്കുന്നതിന് തുടക്കം കുറിക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പന്നർക്ക് ആഡംബരത്തിനുള്ള മാർഗമാണ് ടൂറിസമെന്ന് കണ്ടിരുന്ന സ്ഥിതിവിശേഷത്തിൽ നിന്ന് നാലു ദശാബ്ദം കൊണ്ട് ടൂറിസം അതിവേഗം മുന്നേറിയെന്ന് ചർച്ചയിൽ മോഡറേറ്ററായിരുന്ന സിജിഎച്ച് എർത്ത് ഹോട്ടൽസ് സിഇഒ ജോസ് ഡൊമനിക് പറഞ്ഞു. ടൂറിസം മേഖലയിൽ നാം ഇപ്പോൾ പിൻഗാമികളല്ല, ആഗോള നേതാക്കളാണെന്നും കേരളത്തിൻറെ മാതൃക മറ്റുള്ളവർ അനുകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയുടെ വികസനം ഉറപ്പാക്കുന്നതിന് പ്രത്യേകിച്ച് റോഡ് സംവിധാനങ്ങൾ മികച്ചതാക്കണമെന്നും മാലിന്യ നിർമാർജനം ഗൗരവമായി കണക്കാക്കണമെന്നും ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് അതിഥേയമേഖലയ്ക്ക് അനന്തസാധ്യതയുണ്ടെന്ന് താമര ലീഷർ ആൻഡ് എക്‌സ്പീരിയൻസസ് സിഇഒ ശ്രുതി ഷിബുലാൽ പറഞ്ഞു. തീർത്ഥാടന ടൂറിസവും സാംസ്‌കാരിക ടൂറിസവും വാഗ്ദത്ത മേഖലകളാണ്. ഇവയിൽ മികച്ച അത്യാധുനിക സൗകര്യങ്ങളുടെ അഭാവമുണ്ട്. തൊഴിലവസരങ്ങളും പ്രാദേശിക സമൂഹത്തിന് കൈത്താങ്ങേകുന്നതുമായ വ്യത്യസ്ത ഉത്പന്നങ്ങൾ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാകുമെന്നും അവർ വ്യക്തമാക്കി.