ആയുര്‍വേദ ഉച്ചകോടി ഒക് ടോബര്‍ 30 നും 31 നും

Posted on: September 28, 2019

കൊച്ചി : കേരള ആയുര്‍വേദം പ്രതിവര്‍ഷം നേടുന്നത് 10000 കോടി രൂപയുടെ വരുമാനം. 2025 നകം വരുമാനം 50,000 കോടിയിലെത്തിക്കുന്നതിനായി ആഗോള വിപണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) സംഘടിപ്പിക്കുന്ന ആഗോള ആയുര്‍വേദ ഉച്ചകോടി ഒക് ടോബര്‍ 30,31 തീയതികളില്‍ ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ അരങ്ങേറും.

ആയുര്‍വേദ ഉത്പന്ന വിപണനത്തിലൂടെ 1500 കോടിയും ചികിത്സാ സേവനങ്ങളിലൂടെ 1000 കോടിയും ആയുര്‍വേദ ടൂറിസത്തിലൂടെ 7500 കോടി രൂപയുമാണു പ്രതിവര്‍ഷം കേരളം നേടുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ആശയങ്ങള്‍, നവീന ബ്രാന്‍ഡിംഗ് രീതികള്‍ എന്നിവയിലൂടെ കേരളീയ ആയുര്‍വേദത്തിന്റെ ആഗോള സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ആഗോള ആയുര്‍വേദ ഉച്ചകോടിയുടെ ദൗത്യമെന്ന് ഉച്ചകോടിയുടെ ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍ പറഞ്ഞു. അയുര്‍വേദ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആയുര്‍ സ് റ്റാര്‍ട്ട് മത്സരം ഉച്ചകോടിയുടെ ആകര്‍ഷണങ്ങളിലൊന്നാകും.

യുവാക്കളെ പുതിയ ആശയങ്ങളുമായി ആയുര്‍വേദത്തിലേക്കു കടന്നുവരാനും അവരില്‍ സംരംഭകത്വ താത്പര്യം വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. മികച്ച ആശയങ്ങള്‍ക്കു സര്‍ക്കാര്‍, സ്വകാര്യ ഫണ്ടിംഗ് സാധ്യതകള്‍ക്കും അവസരം ഒരുക്കും. സാര്‍ക്ക്, ഗള്‍ഫ്, ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും 30 രാജ്യങ്ങളിലെ ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും നടക്കും. www.globalayurvedasummit.com