മീരാന്‍ കുടുംബം ഈസ്‌റ്റേണ്‍ ഓഹരി വില്‍ക്കുന്നില്ല : നവാസ് മീരാന്‍

Posted on: September 19, 2019

കൊച്ചി : ഈസ്‌റ്റേണ്‍ കോണ്‍ഡിമെന്റ്‌സില്‍ ഉടമകളായ മീരാന്‍ കുടുംബത്തിനുള്ള 74 ശതമാനം ഓഹരി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എംഡി നവാസ് മീരാന്‍ അറിയിച്ചു. എന്നാല്‍ നേരത്തെ ഈസ്‌റ്റേണിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങിയ മകോര്‍മിക് കമ്പനി അവരുടെ ഓഹരികള്‍ വില്‍ക്കാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

യുഎസ് കമ്പനിയായ മകോര്‍മിക് 3.5 കോടി ഡോളര്‍ മുടക്കി ഈസ്‌റ്റേണിന്റെ 26 ശതമാനം ഓഹരി 2010 ല്‍ വാങ്ങിയിരുന്നു. ആധുനിക വല്‍ക്കരണത്തിനാണ് ആ തുക ചെലവഴിച്ചത്. സ്‌പൈസസ് രംഗത്തെ അതികായരായ മകോര്‍മിക് കഴിഞ്ഞ വര്‍ഷം 4.2 ലക്ഷം കോടി ഡോളറിന്റെ (28000 കോടി രൂപ) ഇടപാടുകള്‍ നടത്തിയിരുന്നു. അവര്‍ക്ക് ഫണ്ട് ആവശ്യമുള്ളതുകൊണ്ടാണ് ഈസ്റ്റേണിന്റെ ഓഹരി ഇപ്പോള്‍ വില്‍ക്കുന്നത്. ഈസ്‌റ്റേണിന് നേരത്തെ കണക്കാക്കിയ പ്രഫഷനല്‍ മൂല്യം 2250 കോടി രൂപയാണ്. മകോര്‍മിക് അവരുടെ ഓഹരി വിറ്റാല്‍ നിലവില്‍ ഏകദേശം 600 കോടി രൂപ ലഭിക്കും.

കൂടുതല്‍ ഫണ്ട് ലഭ്യമാക്കി ഈസ്റ്റേണിന്റെ പ്ലാന്റുകള്‍ നവീകരിക്കണമെന്നും ഓട്ടമേഷന്‍ കൊണ്ടുവരണമെന്നുണ്ടെങ്കിലും അതിന് 100 കോടിയില്‍ താഴെ മാത്രമേ ചെലവു പ്രതീക്ഷിക്കുന്നുള്ളൂ. ബാങ്ക് വായ്പയിലൂടെ ഫണ്ട് ലഭ്യമാക്കാനാകുന്നതിനാല്‍ കുടുംബത്തിന്റെ ഓഹരികള്‍ വില്‍ക്കേണ്ട ആവശ്യമില്ലെന്ന് നവാസ് മീരാന്‍ പറഞ്ഞു.

TAGS: Navas Meeran |